കിംഗ് ഖാലിദ് ഫൗണ്ടേഷൻ സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു
Monday, September 21, 2020 7:32 PM IST
റിയാദ്: കിംഗ് ഖാലിദ് ഫൗണ്ടേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്‍ററിന്‍റെ മേൽനോട്ടത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ നാഷണൽ കമ്മിറ്റി നടത്തിവരുന്ന പതിമൂന്നാമത് സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു.

ഫൈനൽ പരീക്ഷയിൽ ആദ്യ സമ്മാനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകൾ നേടി. ലുബ്‌ന യാസിർ (ജിദ്ദ, രജി. നമ്പർ 1257), ഒന്നാം സ്ഥാനം. യൂസുഫ് സയീം. പി.ടി (അക്‌റബിയ-രജി. നമ്പർ 3204) അബ്ദുൽ ജബാർ, (റഹീമ-രജി. നമ്പർ 3529) നഫ്‌സീന (ജിദ്ദ-രജി. നമ്പർ 1139) നദീറ ഹനീഫ് (ജിദ്ദ-രജി. നമ്പർ 1255) അമീറ ദിൽഷാദ് (ഷഖറ-രജി. നമ്പർ 3970) ഫസീല മുഹമ്മദ് (ജുബൈൽ-രജി. നമ്പർ 2039) എന്നിവർ രണ്ടാം സ്ഥാനത്തിനും ഹസീന മമ്മൂട്ടി (ജിദ്ദ-രജി. നമ്പർ 1027), മുഹ്‌സിന അബ്ദുൽ ഹമീദ് (ജിദ്ദ-രജി. നമ്പർ 1040) അബ്ദുറഹിമാൻ കെ.ടി. (ജിദ്ദ-രജി. നമ്പർ 1093) ഷൈമ അബ്ദുല്ല (ജിദ്ദ-രജി. നമ്പർ 1148) മസീല (റിയാദ് -രജി. നമ്പർ 4948) എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. പരീക്ഷയിൽ പങ്കെടുത്ത മുസ്‌ലിമിതര വിശ്വാസികളിൽ നിന്ന് ഉന്നത മാർക്ക് നേടിയ ബിന്ദു ഗിരീഷ് (റിയാദ് -രജി. നമ്പർ 4517), ഷാജി ഹരിദാസ് (ദമാം-രജി. നമ്പർ 2823) എന്നിവരെപ്രത്യേക സമ്മാനം നൽകി ആദരിക്കും.

സൗദിയിൽ ഔദ്യോഗിക അംഗീകാരമുള്ളതും ഏറ്റവും ജനപങ്കാളിത്തമുള്ളതുമായ ഖുർആൻ വിജ്ഞാന മത്സരമാണ് "സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷ'. 28 സെന്‍ററുകൾക്ക് കീഴിലാണ് ഈ വർഷം പരീക്ഷ സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി നടന്നിരുന്ന പരീക്ഷ, ഈ വർഷം കോവിഡ് കാരണം ഒന്നാം ഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ പരീക്ഷാ ബോർഡ് വിജയികളെ നിർണയിക്കുകയായിരുന്നു. ഈ വർഷം നാലായിരത്തിൽപ്പരം ആളുകളിലേക്ക് മുസാബഖ സിലബസ് വിതരണം ചെയ്യുകയും ആയിരത്തിൽപ്പരം ആളുകൾ മത്‌സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

ഒന്നാം സ്ഥാനത്തിന് സ്വർണ നാണയവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകുമെന്ന് മുസാബഖ പരീക്ഷ ബോർഡ് അറിയിച്ചു.

മർഹൂം മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ വിവരണ സമാഹാരത്തിലെ സൂറത്തുൽ നഹ്ൽ, ഇസ്രാഅ് എന്നീ അധ്യായങ്ങളുടെ പരിഭാഷയെയും വിശദീകരണത്തേയും അവലംബമാക്കിയായിരുന്നു ഇത്തവണ ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചത്.

ദേശീയതല വിജയികൾക്കുള്ള സമ്മാനങ്ങൾ കോവിഡിന്‍റെ പ്രത്യേക സഹചര്യം കണക്കിലെടുത്ത് അതത് സെന്‍ററുകളിൽ വിതരണം ചെയ്യുമെന്ന് മുസാബഖ ബോർഡ് അംഗങ്ങൾ അറിയിച്ചു. കിംഗ് കാലിദ് ഇസ്‌ലാമിക സെന്‍റർ ദഅവ വിഭാഗം മേധാവി ഷെയ്ഖ് ഇബ്രാഹീം നാസർ അൽ സർഹാൻ, ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബാസ് ചെമ്പൻ, ആക്ടിംഗ് പ്രസിഡന്‍റ് അബൂബക്കർ യാമ്പു, പരീക്ഷ ബോർഡ് നാഷണൽ കൺട്രോളർ മുജീബ് തൊടികപ്പുലം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ