ജനവിരുദ്ധ കാർഷിക ബിൽ പിൻവലിക്കുക: കല കുവൈറ്റ്
Monday, September 21, 2020 7:14 PM IST
കുവൈറ്റ്‌ സിറ്റി: രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ കര്‍ഷകസമരങ്ങള്‍ക്കിടെ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ജനവിരുദ്ധ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് കല കുവൈറ്റ്‌ ആവശ്യപ്പെട്ടു. ‌

‍കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയർന്നു വരികയാണ്. മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്‌. കോര്‍പറേറ്റുകള്‍ക്ക് പരിധിയില്ലാതെ വിള സംഭരിക്കാന്‍ അനുമതി നൽകുന്ന ബില്ലുകളിൽ താങ്ങുവിലയെ കുറിച്ച് പരാമര്‍ശമില്ല. വിളകള്‍ക്കുള്ള താങ്ങുവില ഇതോടെ‌ ഇല്ലാതാകുമെന്ന ആശങ്ക നില നിൽക്കുകയാണ്. ഉപഭോക്താക്കള്‍ക്കും പൊതുവിതരണ സമ്പ്രദായത്തിനും എതിരായി ബാധിക്കുന്ന ബില്ലുകൾ കോര്‍പറേറ്റുകള്‍ക്കുമാത്രമാണ് നേട്ടമുണ്ടാക്കുക. കരാർ കൃഷി വ്യാപകമാക്കുന്നതിനും കോർപറേറ്റുകൾക്ക് കാർഷികരംഗം കീഴടക്കാനുമുള്ള നയമാണ് മോദി സർക്കാർ ഈ ബില്ലിലൂടെ കൈക്കൊണ്ടത്.

ലക്ഷകണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട നയത്തിന്‍റെ മുൻ അനുഭവങ്ങള്‍ നമുക്ക്‌ മുന്പിലുണ്ട്‌. ആവശ്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ പല ബില്ലുകളും കേന്ദ്രസർക്കാർ പാസാക്കിക്കൊണ്ടിരിക്കുകയാണ്. ബില്‍ പാര്‍ലമെന്‍ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുടെ ആവശ്യം അംഗീകരിക്കാൻ പോലും കേന്ദ്രം തയാറായില്ല. രാജ്യവ്യാപകമായി ഉയർന്നു വരുന്ന കർഷക പ്രക്ഷോഭങ്ങൾക്ക്‌ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും ജനവിരുദ്ധ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും കല കുവൈറ്റ്‌ പ്രസിഡന്‍റ് ജ്യോതിഷ്‌ ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ്‌ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ