ആംബുലൻസിലെ ജീവൻരക്ഷാ ഉപകരണങ്ങൾ കാണാനില്ല; കോൺഗ്രസ് പ്രതിഷേധിച്ചു
1442901
Thursday, August 8, 2024 1:51 AM IST
അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്കു വി.കെ. ശ്രീകണ്ഠൻ എംപി നൽകിയ അഡ്വാൻസ് ലൈഫ് സപ്പോർട്ട് സിസ്റ്റം ഉള്ള ആംബുലൻസിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ നഷ്ടപ്പെട്ടതിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. ആംബുലൻസിന്റെ പരിരക്ഷയുടെ കാര്യത്തിൽ ആശുപത്രി മാനേജ്മെന്റ് തികച്ചും അനാസ്ഥ കാണിക്കുന്നതായി നേതാക്കൾ ആരോപിച്ചു.
ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് റിപ്പയറിംഗ് എന്ന കാരണത്താൽ എട്ടുമാസമാണ് വർക്ക് ഷോപ്പിൽ കിടന്നത്. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഏതാനും ആഴ്ചകൾക്കു മുമ്പാണ് ആംബുലൻസ് ആശുപത്രിയിലെത്തിച്ചത്. എഎൽഎസ് സംവിധാനമുള്ള ആംബുലൻസിൽ നിന്നും ജീവൻ രക്ഷാ ഉപകരണങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നേതാക്കൾ എത്തിയത്.
ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചെങ്കിലും ഉപകരണങ്ങൾ ആംബുലൻസിൽ നിന്നും മോഷണം പോയതായി പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെ ഉപകരണങ്ങൾ താത്കാലികമായി മാറ്റിയതാണെന്ന് അധികൃതർ അംഗീകരിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങൾ ആംബുലൻസിൽ ഉടൻ സജ്ജീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകിയതോടെ സമരക്കാർ പിരിഞ്ഞു. കോൺഗ്രസ് നേതാക്കളായ കെ.പി. സാബു, ഷിബു സിറിയക്, ജോബി കുരീക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.