തോൾവേദനചികിത്സയിൽ അപൂർവനേട്ടവുമായി പി.കെ. ദാസ് മെഡിക്കൽ കോളജ്
1571201
Sunday, June 29, 2025 4:05 AM IST
വാണിയംകുളം: 70 വയസുകാരനായ ഉസ്മാന് പുതുജീവിതം പകർന്ന് അപൂർവ ശസ്ത്രക്രിയയിലൂടെ വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജ്. 15 വർഷത്തിലധികമായി ജീവിതം ദുസഹമാക്കിയിരുന്ന കടുത്ത തോൾവേദന ഇന്നില്ല. ജില്ലയിൽ തന്നെ അപൂർവമായ റിവേഴ്സ് ഷോൾഡർ ആർത്രോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയാണ് ഉസ്മാന് നടത്തിയത്.
ഇടതു തോളിൽ അതിശക്തമായ വേദനയായിരുന്നു പ്രവാസിയായ ഉസ്മാന്. ഒട്ടേറെ ആശുപത്രികളിൽ ധാരാളം ചികിൽസകൾ നടത്തി. തുടർന്നാണ് വാണിയംകുളം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിയത്. സീനിയർ ഓർത്തോപീഡിക് സർജൻ ഡോ. അബ്ദുൾ റഷീമിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം പരിശോധിച്ചു.
തോളിന്റെ തേയ്മാനം രൂക്ഷമായതിനാൽ ശസ്ത്രക്രിയ കൂടാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ബോധ്യമായി. അപൂർവമായ റിവേഴ്സ് ഷോൾഡർ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിച്ചു.
ഡോ. അബ്ദുൾ റഷീമിന് പുറമെ, ഓർത്തോപീഡിക് സർജൻമാരായ ഡോ. പ്രണവ്, ഡോ. സക്കറിയ എന്നിവരും ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നു. തോൾ മാറ്റിവെക്കലിലെ സാധാരണ രീതിയിൽ നിന്ന് ഭിന്നമായി റിവേഴ്സ് ഷോൾഡർ ആർത്രോപ്ലാസ്റ്റിയിൽ രോഗിക്ക് വളരെ വേഗം സുഖം പ്രാപിക്കാനും കൈ സാധാരണ പോലെ മുകളിലേക്ക് ഉയർത്താനും കഴിയുമെന്ന് ഡോ. അബ്ദുൽ റഷീം പറഞ്ഞു. കൃത്യമായ ഫിസിയോ തെറാപ്പി കൂടി ഉണ്ടെങ്കിൽ മൂന്നാഴ്ചക്കകം തന്നെ സാധാരണ ജീവിതം സാധ്യമാകുകയും ചെയ്യും.