ചിന്നത്തടാകം റോഡ് ശോച്യാവസ്ഥ പരിഹരിക്കാൻ നാട്ടുകാർ രംഗത്ത്
1571518
Monday, June 30, 2025 1:45 AM IST
അഗളി: അട്ടപ്പാടിയെ അലട്ടിക്കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അട്ടപ്പാടിയുടെ ശബ്ദം എന്ന വാട്ട്സാപ് കൂട്ടായ്മ ഗൂളിക്കടവ് ജംഗ്ഷനിൽ യോഗം ചേർന്നു.
ഗൂളിക്കടവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് മരംവീണ് യുവാവ് മരിച്ച സംഭവത്തോടെയാണ് കൂട്ടായ്മ രൂപം കൊണ്ടത്. ആയിരത്തോളംപേർ ഗ്രൂപ്പിലുണ്ട്. റോഡരികിലെ മരങ്ങളും മറ്റു തടസങ്ങളും നീക്കാൻ കൂട്ടായ്മ മുൻകൈയെടുത്ത് പ്രവർത്തിച്ചു. മണ്ണാർക്കാട് ചിന്നത്തടാകം റോഡും ചർച്ചാവിഷയമായി. വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. തെങ്കര മുതൽ ആനമൂളി വരെയുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി മാറിക്കഴിഞ്ഞു. ഗൂളിക്കടവിൽനിന്നും മണ്ണാർക്കാടുവരെ 37 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടുമണിക്കൂർ സമയം വേണ്ടിവരുന്ന സ്ഥിതിയാണ്.
ഗൂളിക്കടവിൽ നിന്നും ആനക്കട്ടി വരെയുള്ള പാതയും അതിദുർഘടമാണ്. ഇതുസംബന്ധിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ രണ്ടുദിവസങ്ങളിലായി നടന്ന ചർച്ചയിലാണ് യോഗം ചേർന്ന് പ്രശ്നപരിഹാരത്തിന് രൂപം നൽകാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ന് വി.പി. ലോഡ്ജ് ഹാളിൽ ചേർന്ന യോഗത്തിൽ നൂറോളം പേർ പങ്കെടുത്തു.
അട്ടപ്പാടിയിലേക്കുള്ള ബദൽ റോഡ്, വൈദ്യുതി പ്രശ്നം,ഭൂമി പ്രശ്നം, വന്യമൃഗം,കുടിവെള്ളം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. ഓരോ പ്രശ്നങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കുകയാണ് ലക്ഷ്യം. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും നാട്ടുകാർ,ഓട്ടോ ടാക്സി ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.