ഒമ്പതിന കർമപദ്ധതികളുമായി റോട്ടറി ക്ലബ് ഓഫ് വടക്കഞ്ചേരി
1570869
Saturday, June 28, 2025 12:28 AM IST
വടക്കഞ്ചേരി: ബിസിനസ് കോൺക്ലേവ്, വനിതകൾക്ക് വൊക്കേഷനൽ ട്രെയ്നിംഗ് സെന്ററുകൾ തുടങ്ങി നൂതന പദ്ധതികളുമായി റോട്ടറി ക്ലബ് ഓഫ് വടക്കഞ്ചേരി ഈ വർഷം ഒമ്പതിന പരിപാടികൾ നടപ്പിലാക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
10 വനിതകൾ ഉൾപ്പെടുന്ന തയ്യൽ കേന്ദ്രങ്ങളാണ് ആരംഭിക്കുക. കോയമ്പത്തൂർ ആലം, ആകൃതി എന്നീ റോട്ടറി ക്ലബുകളുടെ സഹകരണത്തോടെയാണ് ഇതു നടപ്പിലാക്കുന്നത്.
വടക്കഞ്ചേരി മേഖലയിലെ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനായി അരക്കോടി രൂപയുടെ പ്രോജക്ടും ആവിഷ്കരിച്ചിട്ടുണ്ട്.
കുട്ടികൾക്കുള്ള സൗജന്യഹൃദയ ശസ്ത്രക്രിയ, തീപ്പൊള്ളൽ മൂലം ആവശ്യമായി വരുന്ന ത്വക്ക് മാറ്റിവക്കൽ ശസ്ത്രക്രിയ, കൃത്രിമ കാൽമാറ്റിവക്കലിനും ഭവനനിർമാണ പദ്ധതികൾക്കും മുൻഗണന നൽകും.
ലഹരിക്കെതിരെയുള്ള കാമ്പയിനുകൾ കൂടുതൽ സ്ഥലങ്ങളിൽ സംഘടിപ്പിക്കും. ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കു സൗജന്യ ഭക്ഷണം വിതരണ പദ്ധതിക്കും തുടക്കം കുറിക്കും.
വ്യത്യസ്ത മേഖലകളിൽ മികവു തെളിയിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി അവരുടെ ഭാവി സുരക്ഷിതമാക്കും.
പഴയകാല സാംസ്കാരിക നായകന്മാരെ ആദരിക്കുമെന്നും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ ദത്തെടുത്ത് അവർക്കാവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്നു നടക്കും. രാത്രി ഏഴരക്ക് ഡയാന ടവറിൽ നടക്കുന്ന പരിപാടിയിൽ പിന്നണിഗായകൻ പ്രദീപ് സോമസുന്ദരൻ മുഖ്യാതിഥിയാകും. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ മനോജ് മുടപ്പാല, അസിസ്റ്റന്റ് ഗവർണർ കെ. എസ്. സുധീർ, ജിജിആർ അഭിലാഷ് കല്ലടിക്കോട്, ശിവദാസ് തച്ചക്കോട്, കെ.എസ്. ബാബുരാജ്, ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും റോട്ടറി വാർത്താ സപ്ലിമെന്റുകളുടെ പ്രകാശനവും തദവസരത്തിൽ നടക്കും. ആർ. സുരേന്ദ്രൻ- പ്രസിഡന്റ് , വി. രവി- സെക്രട്ടറി, പി. ചന്ദ്രബോസ്- ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികളായി സ്ഥാനമേൽക്കുന്നത്.