കനത്ത മഴയിൽ വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു
1571218
Sunday, June 29, 2025 4:05 AM IST
നെന്മാറ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്തമഴയെ തുടർന്ന് വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു. മഴ കുറഞ്ഞതിനെതുടർന്ന് നെൽപ്പാടങ്ങളിലെ വെള്ളം താഴ്ന്നതോടെയാണ് ചീഞ്ഞുപോയ നെൽച്ചെടികൾ പുറത്തുകാണാൻ തുടങ്ങിയത്. നടീൽ കഴിഞ്ഞ് ദിവസങ്ങളായ നെൽപ്പാടങ്ങൾ മൂന്നുദിവസത്തിലേറെ വെള്ളം മുങ്ങിയതോടെയാണ് നെൽച്ചെടികൾ ചീഞ്ഞുപോയത്.
നെൽച്ചെടികൾ നശിച്ച പാടങ്ങളിൽ ആവർത്തനകൃഷി നടത്താൻ ഞാറ്റടി ലഭ്യമല്ലാത്തതിനാൽ മിക്ക കർഷകരും ഒന്നാം വിള ഉപേക്ഷിച്ച നിലയിലാണ്.
ചില കർഷകർ ആദ്യം തയ്യാറാക്കിയ ഞാറ്റടി നശിച്ചതിനെ തുടർന്ന് വീണ്ടും വിത്ത് പാകി മുളപ്പിച്ച ഞാറാണ് നട്ടിരുന്നത്. രണ്ടുപ്രാവശ്യം വിത്തുപാകി നട്ടകൃഷി നശിച്ചതോടെ ഇനിയും വിളയിറക്കാൻ തയ്യാറായാൽ മാസങ്ങളുടെ വൈകൽ ഉണ്ടാകുമെന്നും ഉഴവുകൂലിയും കൂലി ചെലവുമായി വലിയ സാമ്പത്തിക ബാധ്യത വരുമെന്നും ഇതുമൂലം രണ്ടാംവിള ഇറക്കാനും വൈകുമെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.
അയിലൂർ പഞ്ചായത്തിലെ മരുതഞ്ചേരി, ആലംപള്ളം, കയറാടി, പയ്യാങ്കോട്, പുത്തൻതറ തുടങ്ങിയ മേഖലകളിലും നെന്മാറ പഞ്ചായത്തിലെ തേവർമണി, നെന്മാറപാടം, ചാത്തമംഗലം, പോത്തുണ്ടി മേഖലകളിലായി നൂറോളം ഏക്കർ നെൽകൃഷി നശിച്ചിട്ടുണ്ടെന്നാണ് വിവിധ പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്.
നെൽച്ചെടികൾ ചീഞ്ഞു പോയതിനെ തുടർന്ന് ഒന്നാംവിള മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. നെൽകൃഷി നശിച്ച കർഷകർക്ക് കാലാവസ്ഥ ഇൻഷ്വറൻസ് ആനുകൂല്യപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.