പ്രകൃതിയെ പച്ചപ്പിലാക്കാൻ ഓടിനടന്ന് കൈതവളപ്പിൽ രാജു
1300507
Tuesday, June 6, 2023 12:39 AM IST
വടക്കഞ്ചേരി: മംഗലത്തെ കൈതവളപ്പിൽ രാജുവിന് ഇന്നലെ തിരക്കോട് തിരക്കായിരുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിസ്ഥിതി ദിന പരിപാടികളിലെല്ലാം രാജു ഓടിയെത്തി. വെറുതെ കാഴ്ചക്കാരനായി നിൽക്കാനല്ല രാജുവിന്റെ ഈ ഓട്ടം. ഒരു കവറിൽ ചെടികളുടെയും വൃക്ഷങ്ങളുടെയും തൈകളും കൂടെ കരുതും. പരിപാടികൾ നടക്കുന്നിടത്ത് സ്ഥലം കണ്ടെത്തി അവിടെയെല്ലാം ഫലവൃക്ഷതൈകളും ആയുർവേദ മരുന്നു തൈകളും നടും. പരിചരണ ചുമതല സമീപവാസികളെ ഏല്പിക്കും.ഇന്നലെ പകൽ ചൂട് കഠിനതരമായിരുന്നതിനാൽ കുപ്പി വെള്ളമായിരുന്നു ചെടികൾക്ക് ആശ്വാസമായി നൽകിയത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലാണ് രാജു.
ഹരിത കേരള മിഷന്റെ ജില്ലാ പഞ്ചായത്ത് കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സണ്, ജൈവവൈവിധ്യ പരിപാലന സമിതി കോ-ഓർഡിനേറ്റർ എന്നിങ്ങനെ സ്ഥാനങ്ങൾ കൂടിയുള്ളതിനാൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലെല്ലാം കെ. എം. രാജുവിന്റെ സാന്നിധ്യം ഉണ്ടാകും. ജീവന്റെ നിലനിൽപ്പ് ജൈവ വൈവിധ്യത്തിലാണെന്ന തത്വത്തിലാണ് രാജുവിന്റെ പ്രവർത്തനം. രാജുവിന്റെ വീട് നിൽക്കുന്ന മംഗലം പുഴയുടെ മൂച്ചിതൊടി പുഴയോരം ഇന്ന് വിവിധയിനം ചെടികളുടെ പച്ചതുരുത്താണ്.
നൂറ് അംഗങ്ങളുള്ള മൂച്ചിതൊടി ഹരിത കാർഷിക ക്ലബും രാജുവിന്റെ നേതൃത്വത്തിലുണ്ട്. പഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കിയതും രാജു കോ-ഓർഡിനേറ്ററായ സമിതിയായിരുന്നു. സംസ്ഥാനത്തു തന്നെ ഹരിത കേരള മിഷന്റെ ശ്രദ്ധേയമായ മൂന്ന് പച്ചതുരുത്തുകളിൽ ഒരെണ്ണമാണ് മംഗലം പുഴയോരത്തെ മൂച്ചിതൊടി പച്ചതുരുത്ത്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഇവിടെ പുഴയോരം ജൈവവൈവിധ്യത്തിന്റെ ഹരിത ഭൂമികയായി മാറി. നാനാജാതി ജീവജാലങ്ങളും നാടൻ മത്സ്യ സന്പത്തും നീർക്കോലിപ്പോലെ അന്യം നിന്നു പോകുന്ന പാന്പ് ഇനങ്ങളും ജലാശയ പക്ഷികളും ഈ പച്ചപ്പിന്റെ സന്പന്നതയാണ്.