ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് വീഴ്ത്തി; ഡ്രൈവർ അറസ്റ്റിൽ
1601980
Wednesday, October 22, 2025 11:40 PM IST
ചെങ്ങന്നൂർ: അലക്ഷ്യമായി ഓടിച്ച കാർ സ്കൂട്ടറിലിടിക്കാൻ തുനിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പോലീസ് പിടിയിൽ. ചെട്ടികുളങ്ങര സ്വദേശി ജയേഷി(43)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ വധശ്രമത്തിന് ചെങ്ങന്നൂർ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5.20 നാണ് സംഭവം. പാണ്ടനാട് കടവിൽ പ്ലാം മൂട്ടിൽ കെ.ജി. വർഗീസി(ജോമോൻ)നാണ് ഗുരുതര പരിക്കേറ്റത്.
ഇരമല്ലിക്കരയിൽനിന്നു തിരുവൻവണ്ടൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജോമോനെ അച്ചിലേത്തുപടിക്കു സമീപം പിന്നിൽനിന്നെത്തിയ ഓൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അലക്ഷ്യമായി ഓടിച്ചു വന്ന കാർ തന്റെ സ്കൂട്ടറിൽ ഇടിക്കാൻ തുനിഞ്ഞത് ജോമോൻ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പിൻതുടർന്ന് എത്തിയ ജയേഷ് ജോമോനെ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
കാർ ഇടിപ്പിച്ചശേഷം ജോമോൻ വീണുകിടക്കുന്നത് അല്പം ദൂരെ കാർ നിർത്തി കണ്ട ശേഷമാണ് ഇയാൾ കാർ ഓടിച്ചു പോയതെന്നും ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ജോമോൻ സമീപമുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് താഴെ വീണത്. ഗുരുതരമായ പരിക്കേറ്റ ജോമോനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാരിയെല്ലുകൾക്ക് രണ്ടു പൊട്ടലും ഷോൾഡർ, ഇടത്തേക്കാൽ എന്നിവയ്ക്ക് ഒടിവും ഉണ്ട്. തലയ്ക്കും മുഖത്തും മുറിവുകളുണ്ട്. മുപ്പതോളം തുന്നലുകളുമുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളത്തിന്റെ കച്ചവടമാണ് ജോമോന്.അപകടത്തെത്തുടർന്ന് തിരുവൻവണ്ടൂർ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പോലീസ് കാറുടമയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.