കാറിനുള്ളിൽ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോലീസ്
1460103
Thursday, October 10, 2024 12:11 AM IST
കറ്റാനം: സുഹൃത്തിന്റെ കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികമായ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലന്ന് പോലീസ് വ്യക്തമാക്കി. ഹൃദയാഘാതത്തെതുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) ആണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ കഴിഞ്ഞദിവസം രാവിലെ സുഹൃത്തിന്റെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്. അരുണും മൂന്നു സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനുശേഷം അരുൺ സുഹൃത്തായ മഹേഷിന്റെ കാറിന്റെ പിൻസീറ്റിൽ കിടന്നു.
ഉണരുമ്പോൾ സ്വന്തം ബൈക്കും എടുത്ത് അരുൺ പോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ബൈക്കിന്റെ താക്കോലും മൊബൈൽ ഫോണും കാറിന്റെ മുൻ സീറ്റിൽ വച്ചശേഷം അവർ വീട്ടിലേക്കു മടങ്ങി. ചൊവാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. രണ്ടു സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.