ചെറിയനാട് റെയിൽവേസ്റ്റേഷനിൽ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും: എംപി
1453405
Sunday, September 15, 2024 12:12 AM IST
ചെങ്ങന്നൂർ: ചെറിയനാട് റയിൽവേ സ്റ്റേഷനിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി. സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സതേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണറോടും ആവശ്യപ്പെട്ടു.
ചെറിയനാട് റെയിൽവേ സ്റ്റേഷനിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനും കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധരുടെ ആക്രമത്തിനിരയായ ഹാൾട്ട് ഏജൻ്റ് മഹേഷ് ബാലകൃഷ്ണ പിള്ള (42) യെയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.
സ്റ്റേഷൻ പരിസരങ്ങളിലും പ്ലാറ്റ്ഫോമിലും സ്ഥിരമായി നടക്കുന്നത് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ആയിരുന്നുവെന്നും ഹാൾട്ട് ഏജന്റ് ഇവരെ തടഞ്ഞതിന്റെ പ്രത്യാഘാതമായാണ് ആക്രമണം ഉണ്ടായതെന്നും കൊടിക്കുന്നിൽ പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആർപിഎഫ്, പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചെറിയനാട് റെയിൽവേ സ്റ്റേഷൻ ക്രോസിംഗ് സ്റ്റേഷനായി ഉയർത്തുന്നതിനായി കൊടിക്കുനിൽ സുരേഷ് എംപി ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, റെയിൽവേ മന്ത്രാലയം, യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളെ ഗ്രേഡ് ചെയ്യുമെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. നിലവിൽ ചെറിയനാട് ഹാൾട്ട് സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചെങ്കിലും ഹാൾട്ട് സ്റ്റേഷൻ എന്ന നിലയിൽ ഇപ്പോഴത്തെ സൗകര്യങ്ങൾ പര്യാപ്തമെന്ന് റെയിൽവേ മന്ത്രി മറുപടി നൽകിയിരുന്നു.
നാട്ടുകാരുടെ ഏറെകാലത്തെ ആവശ്യമായ സ്റ്റേഷനിലേക്കുള്ള തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും. കൂടാതെ, ചെറിയനാട് ലെവൽ ക്രോസിംഗ് ഭാഗത്തെ റോഡിന്റെയും അറ്റകുറ്റപ്പണി അടിയന്തരമായി നടത്തും. കൂടുതൽ ട്രെയിനുകൾ നിർത്താനുള്ള സാധ്യതയെക്കുറിച്ചും പരിശോധിക്കും. സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി.
സ്റ്റേഷനിലേക്ക് എത്തുന്ന റോഡിന്റെ ഇരുവശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുവാനും സ്റ്റേഷൻ മുന്നിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാൻ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.