സുഭദ്ര കൊലപാതകം: ഫോണിൽ കുരുങ്ങി പ്രതികൾ വീണത് പോലീസ് വിരിച്ച വലയിൽ
1453098
Friday, September 13, 2024 11:50 PM IST
ആലപ്പുഴ: സുഭദ്ര കൊലപാതകക്കേസിൽ പ്രതിയുടെ ഫോണ്‍ ഓണായതോടെ വലവിരിച്ചു കാത്തിരുന്ന പോലീസ് വലയിൽ പ്രതികൾ കുടുങ്ങി. വ്യാഴാഴ്ച രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പോലീസ് മനസിലാക്കി. ഉടന്‍ പോലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു.
അപ്പോഴേക്കും ഫോണ്‍ ഓഫായി. ശർമിള മുൻപ് താമസിച്ചിരുന്ന ഉഡുപ്പിയിൽ ഇരുവരും എത്തിയിട്ടുണ്ടെന്ന് പോലീസിനു മനസിലായത് ഫോൺ നിരീക്ഷണത്തിലൂടെയാണ്.
ഉച്ചയോടെ മണിപ്പാലിലെ ടവർ ലൊക്കേഷനിൽ വീണ്ടും ഓണായി. ശർമിള മുൻപ് താമസിച്ചിരുന്ന പരിചയത്തിൽ പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോൾ പരിചയക്കാരി സ്ത്രീ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. മകനായിരുന്നു വീട്ടിൽ. സ്ത്രീയുടെ നമ്പർ നേരത്തേ മനസിലാക്കിയിരുന്ന പോലീസ് ശർമിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാൽ തടഞ്ഞുവയ്ക്കണമെന്നും നിർദേശം നൽകിയിരുന്നു.
ഈ വിവരം മകനെ വിളിച്ചറിയിക്കുമ്പോഴേക്കും പ്രതികൾ മടങ്ങി. ഉടൻ മകനെ വിളിച്ച പോലീസ് ദമ്പതിമാരെ ഉടൻ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മകൻ ഇവരെ വിളിച്ചു, ആശുപത്രിയിൽ പോയ അമ്മ ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ മടങ്ങിവന്നപ്പോഴേക്കും പോലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കോട്ടയത്ത് വേരുള്ള മണിപ്പാൽ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ തോംസൺ കേരള പോലീസിനൊപ്പമുണ്ടായിരുന്നു. ഇത് സ്ഥലവും മറ്റും എളുപ്പം തിരിച്ചറിയാൻ സഹായിച്ചു. മണ്ണഞ്ചേരി ഇൻസ്പെക്ടർമാരായ നിവിൻ, മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്.