ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ വീണ്ടും തടഞ്ഞു ; സമരസമിതി നേതാക്കൾ അറസ്റ്റിൽ; പ്രതിഷേധം ശക്തം
1442304
Monday, August 5, 2024 11:55 PM IST
കായംകുളം: തൂണിൽതീർത്ത ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമായി നിലനിൽക്കുന്ന കായംകുളത്ത് ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാനുള്ള നീക്കം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു.
ഇതോടെ പോലീസ് എത്തി സമരസമിതി നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരസമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത്, നഗരസഭ കൗൺസിലർ എ.പി. ഷാജഹാൻ, അജീർ യൂനുസ്, നിഹാസ് അബ്ദുൽ അസീസ്, വി.എം. അമ്പിളിമോൻ, ഹരിഹരൻ, അനസ് ഇല്ലിക്കുളം, സലാഹുദീൻ, നിഷാദ് ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമരസമിതി നേതാക്കന്മാരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമായി.
ഇതോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച സമരസമിതി നേതാക്കന്മാരെ പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി പോലീസ് വിട്ടയച്ചു.
തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരത്തെ രണ്ടായി വിഭജിക്കുന്ന തരത്തിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുന്ന രീതിയിലും മണ്ണിട്ടുയർത്തിയുള്ള അശാസ്ത്രീയ ഹൈവേ നിർമാണം ഒഴിവാക്കി തൂണുകളിൽ ഉയര പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരങ്ങൾ നടന്നുവരുന്ന സാഹചര്യത്തിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് നിലനിൽക്കുമ്പോൾ വീണ്ടും അടിപ്പാത നിർമാണവുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് നേതാക്കന്മാർ പറഞ്ഞു.
ദേശീയപാത അഥോറിറ്റി ജനകീയ ആവശ്യങ്ങളെ അട്ടിമറിച്ചു അശാസ്ത്രീയ നിർമാണം തുടരാൻ ശ്രമിക്കുകയാണ്. ഇതിനെയാണ് സമരസമിതി എതിർക്കുന്നത്.
എലിവേറ്റഡ് ഹൈവേ വിഷയം സംബന്ധിച്ച് കെ.സി. വേണുഗോപാൽ എംപി പാർലമെന്റിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. വിഷയം പഠിക്കാൻ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നിർമാണസ്ഥലം സന്ദർശിക്കാനിരിക്കെയാണ് എൻഎച്ച്എഐ തിടുക്കത്തിൽ അടിപ്പാത നിർമാണം ആരംഭിക്കാൻ ശ്രമിക്കുന്നതെന്നാണ് സമര സമിതി ആരോപിക്കുന്നത്.