ദേശീയപാതയിൽ കുഴിയും വെള്ളക്കെട്ടും
1437633
Sunday, July 21, 2024 2:08 AM IST
അന്പലപ്പുഴ: ദേശീയപാതയിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയും വെള്ളക്കെട്ടും വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. നാലുവരിപാത നിർമാണം പുരോഗമിക്കുന്നതിനിടെ കാലവർഷം ശക്തി പ്രാപിച്ചതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. അമ്പലപ്പുഴയിൽ കളർകോടിനും തോട്ടപ്പള്ളിക്കുമിടയിൽ ദേശീയപാതയുടെ മധ്യഭാഗത്ത് നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെയാണ് കുറ്റൻ കണ്ടെയ്നറുകളും ചെറുവാഹനങ്ങളുമടക്കം സഞ്ചരിക്കുന്നത്.
റോഡിന്റെ പല ഭാഗവും പൊളിച്ചിട്ടിരിക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണമില്ലാതെ തോന്നിയതുപോലെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. നടപ്പാതവരെ കൈയേറിയാണ് സ്വകാര്യബസുകൾ ചീറിപ്പായുന്നത്.
കഴിഞ്ഞദിവസം പുന്നപ്ര അറവുകാടിനു സമീപം നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് വലിയ വെള്ളക്കെട്ടിലേക്ക് താഴ്ന്നെങ്കിലും മറിയാതിരുന്നതിനാൽ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതിനടുത്ത ദിവസം പെട്ടിഓട്ടോയും ഇതേ വെള്ളക്കെട്ടിൽ അപകടത്തിൽപ്പെട്ടു.
അമ്പലപ്പുഴയിലെ പ്രധാന ജംഗ്ഷനായ കച്ചേരി മുക്കിൽ നിന്ന് തെക്കോട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ സർക്കസ് അഭ്യാസമറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്.
കാക്കാഴം മേൽപ്പാലത്തിലും അറ്റകുറ്റപണി നടത്തിയ റോഡ് വീണ്ടും ഗർത്തങ്ങളായി. മഴ മാറി നിൽക്കുന്ന സമയത്ത് റോഡരികിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കുഴികൾ നികത്തിയില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കും.