വളയിട്ട കൈകൾ തയാറാക്കിയ കർക്കടക ലേഹ്യവുമായി കുടുംബശ്രീ
1437081
Thursday, July 18, 2024 10:35 PM IST
അന്പലപ്പുഴ: കർക്കടകം പിറന്നു. വളയിട്ട കൈകളാൽ ഒരുക്കിയ കർക്കടക ലേഹ്യവും തയാർ. പുറക്കാട് പഞ്ചായത്ത് 14-ാം വാർഡ് പഴയങ്ങാടി ലാവണ്യ കുടുംബശ്രീയിലെ 13 വനിതകൾ ചേർന്നാണ് കർക്കടക മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഔഷധക്കൂട്ട് തയാറാക്കുന്നത്.
2002ൽ രൂപീകരിച്ച കുടുംബ ശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ കർക്കടക ലേഹ്യം തയാറാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നാട്ടിൽ പ്രസവരക്ഷയ്ക്ക് മരുന്നുണ്ടാക്കുന്ന ഒരു വയോധിക യിൽനിന്നാണ് ഇവർ ഇതിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. വയോധിക മരിച്ചതോടെ ഇപ്പോൾ ഇതിനു നേതൃത്വം നൽകുന്നത് 74 വയസുള്ള രാധയാണ്.
68 കൂട്ടം അങ്ങാടി മരുന്ന് വിലയ്ക്കു വാങ്ങി പൊടിച്ചെടുക്കുന്നതോടെയാണ് ലേഹ്യത്തിന്റെ ആദ്യ നിർമാണം തുടങ്ങുന്നത്. പിന്നീട് നാട്ടിൽനിന്നുതന്നെ 10 ഓളം വെട്ടുമരുന്നുകളും ശേഖരിക്കും. ഇതു കൂടാതെ 28 ഇനം പൊടികളുമുണ്ട്.
ഇവയെല്ലാം ചേർത്ത് വലിയ ഉരുളിയിൽ വേവിച്ച് കഷായമാക്കി വറ്റിച്ചെടുത്താണ് ലേഹ്യമാക്കുന്നത്. മൂന്നു ദിവസം നീണ്ട അധ്വാനത്തിനൊടുവിലാണ് ലേഹ്യം തയാറാക്കുന്നത്. കഴിഞ്ഞ വർഷം ഒരു കിലോ ലേഹ്യത്തിന് 550 രൂപയായിരുന്നു വില. അങ്ങാടി മരുന്നുകൾക്കടക്കം ഇത്തവണ വില വർധിച്ചെങ്കിലും ഇതേ വിലയ്ക്കാണ് ഇത്തവണയും ലേഹ്യം വിൽക്കുന്നതെന്ന് ഇവർ പറയുന്നു. രാസവസ്തുക്കൾ ചേർക്കാത്ത ലേഹ്യത്തിനായി നിരവധി ആവശ്യക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തുന്നത്. രാസവസ്തുക്കൾ ചേർക്കാത്തതിനാൽ 15 ദിവസത്തിനകം ഇത് ഉപയോഗിക്കണമെന്നും ഇവർ പറയുന്നു. ഈ വർഷം 100 കിലോ ലേഹ്യമാണ് ഇവർ നിർമിച്ചത്. നെൽകൃഷി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് വനിതകളുടെ നേതൃത്വത്തിൽ വിജയകരമായി നടത്തുന്നത്.