അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു, നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി
1436840
Wednesday, July 17, 2024 11:35 PM IST
എടത്വ: ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞു. നാലുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്. പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തെയും താഴ്ന്ന പ്രദേശങ്ങളിലെയും വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മുട്ടാര്‍, തലവടി, എടത്വ, നിരണം പടിഞ്ഞാറേ ഭാഗം, വീയപുരം പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
മുട്ടാര്‍ പഞ്ചായത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്തെ 16 ഓളം വീടുകളില്‍ വെള്ളം കയറി. രണ്ടര ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്തെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ടും ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
രണ്ടാഴ്ച മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ കുന്നുമ്മാടി-കുതിരച്ചാല്‍ പ്രദേശത്തെ താമസക്കാര്‍ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തകഴി പഞ്ചായത്തിലും ഇന്നലെ വൈകിട്ട് മുതല്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇടറോഡുകളും വെള്ളത്തില്‍ മുങ്ങുകയാണ്.
തായങ്കരി-കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും നീരേറ്റുപുറം -കിടങ്ങറ റോഡില്‍ മുട്ടാര്‍ ജംഗ്ഷനു സമീപത്തും വെള്ളം കയറിയിട്ടുണ്ട്. എടത്വ-തായങ്കരി, എടത്വ-മിത്രക്കരി റോഡു വഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. എടത്വ- ആലംതുരുത്തി റോഡില്‍ ആനപ്രമ്പാല്‍ പുതുപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്.
നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും ഇടവിട്ട് ചെയ്യുന്ന കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.