കുടിവെള്ളക്ഷാമം പതിവാകുന്നു: ജനം നെട്ടോട്ടത്തില്‍
1423843
Monday, May 20, 2024 11:59 PM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ അടിക്കടിയുണ്ടാകുന്ന ശുദ്ധജലവിതരണത്തിലെ തടസം മൂലം ജനങ്ങള്‍ ദുരിതത്തില്‍. അഞ്ചുദിവസമായി മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും വിതരണം മുടങ്ങിയതാണ് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണം. നഗരത്തിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ചില വ്യാപാരസ്ഥാപനങ്ങള്‍ ശുദ്ധജലം ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
ചേര്‍ത്തല നഗരം, പള്ളിപ്പുറം, തണ്ണീര്‍മുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിലാണ് വീണ്ടും ശുദ്ധജല വിതരണം മുടങ്ങുന്നത്. ദേശീയപാതയോരത്ത് എക്സ്റേ കവലയ്ക്കു സമീപം പ്രധാന പൈപ്പിലെ തകരാറിനെ തുടര്‍ന്നാണ് വെള്ളമുടക്കം. ചോര്‍ച്ച പരിഹരിക്കുന്നതിനായി 24 വരെ നാലുദിവസമാണ് വെള്ളവിതരണം നിയന്ത്രിക്കുന്നത്. മഴ ശക്തമായതോടെ അറ്റകുറ്റപ്പണി ശ്രമകരമാണെന്നാണ് വിലയിരുത്തല്‍. പരമാവധി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വിതരണം പുനരാരിക്കാനുള്ള ശ്രമത്തിലാണെന്നാണ് ജലഅഥോറിറ്റി അധികൃതര്‍ പറയുന്നത്. തുടര്‍ച്ചയായുള്ള കുടി വെള്ള വിതരണ മുടക്കത്തില്‍ ജനരോഷം ശക്തമാകുന്നുണ്ട്. പള്ളിപ്പുറത്തു കുടിവെള്ള കുഴലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനായാണ് 15 മുതല്‍ നഗരത്തിലടക്കം എട്ടിടങ്ങളില്‍ വിതരണം മുടങ്ങിയത്. 19ന് വെള്ളമെത്തുമെന്നറിയിച്ചെങ്കിലും 20ന് വൈകുന്നേരമായതോടെയാണ് വെള്ളമെത്തി തുടങ്ങിയത്.
ഇതുതന്നെ പലയിടത്തും എത്തിയിട്ടില്ല. ഇതിനിടെയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കുടിവെള്ളകുഴല് വീണ്ടും പൊട്ടിയത്. തുടര്‍ച്ചയായി കുടിവെള്ള കുഴലുകളിലുണ്ടാകുന്ന ചോര്‍ച്ച പരിഹരിക്കാനാകാത്തതും അറ്റകുറ്റ പണികള്‍ക്കായി ദിവസങ്ങള്‍ എടുക്കുന്നതുമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത്.