ജലാശയങ്ങൾ മാലിന്യകേന്ദ്രങ്ങളോ?
1423456
Sunday, May 19, 2024 6:13 AM IST
തുറവൂർ: ജലാശയങ്ങൾ മാലിന്യങ്ങൾകൊണ്ട് നിറയുന്നതിന് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്നില്ലെന്ന് പരാതി. മഴയുടെ വരവോടെ ഗ്രാമപ്രദേശങ്ങളിലെ തോടുകളും മറ്റ് ജലാശയങ്ങളും രോഗങ്ങളുടെ ഉറവിടവുമാകുമെന്നത് ആശങ്കയുയർത്തുന്നു.
പല തോടുകളും ജലസരണികളും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. പൊതുതോടുകളും സ്വകാര്യ തോടുകളും ഏറെക്കുറെ മാലിന്യങ്ങൾ നിറഞ്ഞ് മൂടപ്പെട്ട അവസ്ഥയിലാണ്. വീടുകളിൽനിന്നും പൊതു സ്ഥലങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഖര, ദ്രാവക മാലിന്യങ്ങൾ വൻതോതിൽ തോടുകളിലും മറ്റും തള്ളിയിരിക്കുന്നത് മൂലം ഗ്രാമപ്രദേശങ്ങളിലെ സന്തുലിതാവസ്ഥ വൻതോതിൽ മാറിയിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിൽ മാലിന്യങ്ങളുടെ കേന്ദ്രങ്ങളായി തോടുകളും ജലാശയങ്ങളും മാറിയിരിക്കുകയാണ്. ഇതുമൂലം വൻ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്.
വേസ്റ്റ് ബിന്നായി പൊതുതോടുകൾ
ചേർത്തല താലൂക്കിലെ വടക്കൻ മേഖലകളിൽ ഒട്ടുമിക്ക പൊതു തോടുകളും മാലിന്യങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്. വീടുകളിലെയും മറ്റും മാലിന്യങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിലാക്കി പൊതുതോടുകളിൽ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിൽ ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക വീടുകളിലെ മാലിന്യങ്ങളും മുഴുവൻ തള്ളുന്നത് പൊതുതോടുകളിലാണ്.
ഇതുമൂലം ഈ തോടുകളിൽ ഉണ്ടായിരുന്ന മത്സ്യസമ്പത്ത് പൂർണമായും നശിച്ച അവസ്ഥയാണ്. പൊതു തോടുകളിൽ ചെറുമത്സ്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മുൻപ് വൻതോതിൽ മത്സ്യം ലഭ്യത ഉണ്ടായിരുന്ന തോടുകൾ ഇത്തരത്തിലുള്ള മാലിന്യങ്ങൾ തള്ളിയത് മൂലം മത്സ്യസമ്പത്ത് പൂർണമായും നശിച്ച അവസ്ഥയാണ്.
വയലാർ, കടക്കരപ്പള്ളി, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള പൊതുതോടുകളാണ് കൂടുതലും നാശത്തിൻ്റെ വക്കിൽ എത്തിയിരിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങളും
മാലിന്യങ്ങൾ തള്ളുന്നതിന് ഒപ്പം തോടുകയ്യേറ്റവും ഇത്തരത്തിലുള്ള ചെറു തോടുകൾ ഇല്ലാതാക്കുന്നത് കാരണമായിട്ടുണ്ട്. പലസ്ഥലങ്ങളിലും തോട് കൈയേറി വീടുകളും വ്യാപാരസ്ഥാപനങ്ങളും നിർമിച്ചിരിക്കുന്നത്. ഇതുമൂലം ചെറിയൊരു മഴപെയ്താൽ തന്നെ പ്രദേശത്ത് വൻ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. തോടുകളിൽ മുഴുവൻ മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നതിനാൽ വളരെയധികം ആരോഗ പ്രശ്നങ്ങളും ഈ മേഖലയിൽ ഉണ്ടാക്കുന്നുണ്ട്. ത്വക്ക് രോഗങ്ങളും ശ്വാസകോശരോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ഈ മേഖലയിൽ വ്യാപകമാകുന്നതിന് ഈ മാലിന്യങ്ങൾ കാരണമാകുന്നുണ്ട്.
അടിയന്തരമായി പഞ്ചായത്തുകളുടെ കീഴിലുള്ള പൊതുതോടുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്തു കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തോടിൻ്റെ ഒഴുക്ക് സുഗമമാക്കുവാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.