നെല്ലുസംഭരണം: മന്ത്രിമാരുടെ ഉറപ്പുകള്‍ പാഴ്വാക്കായെന്ന് കൊടിക്കുന്നില്‍
1422956
Thursday, May 16, 2024 11:47 PM IST
ചെങ്ങന്നൂര്‍: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ, കൃഷിമന്ത്രിമാര്‍ നല്കിയ ഉറപ്പുകള്‍ പാഴ്വാക്കായെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അപ്പര്‍കുട്ടനാട്ടിലെയും കുട്ടനാട്ടിലെയും കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. കിഴിവിന്റെ പേരും പറഞ്ഞ് മില്ലുകാര്‍ അവരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനു കൂട്ടുനില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍. തെരഞ്ഞെടുപ്പുകാലത്ത് കര്‍ഷക സ്നേഹം നടിച്ച മന്ത്രിമാര്‍ പല ഉറപ്പുകളും നല്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവയെല്ലാം മറന്നു. മാന്നാര്‍, ചെന്നിത്തല മേഖലകളില്‍ കര്‍ഷകര്‍ കൃഷി ഓഫീസുകള്‍ ഉപരോധിച്ചിട്ടും മന്ത്രിമാര്‍ മിണ്ടാപ്രാണികളായിരിക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാനും ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുമാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ വിലയും കൊടുത്തിട്ടില്ല.15 ദിവസത്തിനുള്ളില്‍ നെല്ലിന്റെ വില നല്‍കുമെന്നായിരുന്നു പറഞ്ഞത്.
കൊടുംവേനലില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കും വേനല്‍മഴയില്‍ കൃഷി നശിച്ച പച്ചക്കറി കര്‍ഷകര്‍ക്കും അടിയന്തരമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.