പൗരധർമം നിർവഹിക്കണം: ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ
1418136
Monday, April 22, 2024 11:35 PM IST
ആലപ്പുഴ: ചരിത്രത്തെയും സംസ്കാരത്തെയും കൂടി തെരഞ്ഞെടുക്കപ്പെടുമ്പോൾ, പ്രാർഥനയോടെ നേതാക്കളെ തെരഞ്ഞെടുക്കാൻ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അതുവഴി പൗരധർമം നിർവഹിക്കണമെന്നും ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. രൂപത ബിസിസി സംഘടിപ്പിച്ച കാട്ടൂർ ഫൊറോന നേതൃസംഗമത്തിൽ പൊള്ളേത്തൈ തിരുക്കുടുംബ പാരിഷ്ഹാളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതേതരത്വം, മതസൗഹാർദം, സ്വാതന്ത്ര്യം ഇവയെല്ലാം നിലനിൽക്കണമെന്നും അതിനായി മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിനു ശ്രദ്ധിക്കാനും ബിഷപ് ആഹ്വാനം ചെയ്തു. ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും തീരദേശ ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും തീരദേശ വിഷയങ്ങൾ പ്രകടനപത്രികകളിൽ ഉണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു. ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ചിൽ വിജയിയായ ശ്രീ ടെക്ജൻഷ്യ ജോയ് സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.
ബിസിസി സംസ്ഥാന ഡയക്ടർ ഫാ. ജോൺസൻ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, രൂപത വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ, ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, കെ. ജെ. സന്ധ്യാവ്, പി.ആർ. കുഞ്ഞച്ചൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ഫൊറോനോ വികാരി ഫാ. അലൻ ലെസ്ലി, ഫാ. ആന്റണി കട്ടികാട്ട്, ഫാ. ജോസഫ് ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. എട്ട് ഇടവകകളിൽനിന്നുള്ള ബിസിസി പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.