കടാശ്വാസ കമ്മീഷന്റെയും കളക്ടറുടെയും ഉത്തരവ് നടപ്പാക്കാതെ കേരള ബാങ്ക്
1417769
Sunday, April 21, 2024 5:12 AM IST
ആലപ്പുഴ: കേരള ബാങ്കിന്റെ മുഹമ്മ ശാഖയിൽനിന്നു വസ്തു ഈടു നൽകി എടുത്ത വായ്പയുടെ കടം കണക്കുതീർക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും സഹകരണസംഘം ഡപ്യൂട്ടി രജിസ്ട്രാറും കാർഷിക കടാശ്വാസ കമ്മീഷനും നൽകിയ ഉത്തരവുകൾ മാനുഷിക പരിഗണന നൽകി പരിശോധിച്ച് ഒരു മാസത്തിനകം നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സഹകരണസംഘം ഡപ്യൂട്ടി രജിസ്ട്രാർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ആകെ അടയ്ക്കാനുള്ള പലിശയിൽ നല്ലൊരു ശതമാനം കുറച്ചു നൽകിയിട്ടും മുഴുവൻ പലിശയും ഇളവ് ചെയ്യണമെന്ന് വായ്പക്കാർ വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ബാങ്ക് ജനറൽ മാനേജർ കമ്മീഷനെ അറിയിച്ചു.
എന്നാൽ, 2020-2021 വർഷത്തെ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പൂർണമായ പലിശ ഇളവ് അനുവദിച്ചിട്ടുള്ളതാണെന്നും ബാങ്കിന്റെ കൈവശമുള്ള മിനിറ്റ്സ് ബുക്കിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരിൽ ഒരാളായ മുഹമ്മ കായിപ്പുറം തോട്ടുങ്കൽ രാധമ്മ കമ്മീഷനെ അറിയിച്ചു.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2022 ഓഗസ്റ്റ് മൂന്നി ന് തങ്ങൾ വായ്പ അടച്ചെന്നും എന്നാൽ, സ്വാർഥ താത്പര്യങ്ങൾക്ക് വശംവദരായ ചില ഉദ്യോഗസ്ഥർ ഭൂമാഫിയയുടെ താത്പര്യങ്ങൾക്ക് വഴിപ്പെട്ടാണ് തങ്ങൾക്ക് മാനുഷിക നീതി നിഷേധിക്കുന്നതെന്നും പരാതിക്കാർ കമ്മീഷനെ അറിയിച്ചു. 2022 ഡിസംബർ എട്ടിന് ജില്ലാ കളക്ടർ ചേർത്തലയിൽ നടത്തിയ അദാലത്തിൽ കൈക്കൊണ്ട തീരുമാനം ബാങ്ക് നടപ്പാക്കുന്നില്ലെന്നും പരാതിക്കാരി അറിയിച്ചു. അനിരുദ്ധന് പലിശ കിഴിവ് അനുവദിച്ച മിനിറ്റ്സ് അനിരുദ്ധന്റെ സാന്നിധ്യത്തിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണമെന്നാണ് കളക്ടർ നിർദേശിച്ചതെങ്കിലും നടപ്പാക്കിയില്ലെന്നും പറഞ്ഞു.
കേസ് കമ്മീഷന്റെ പരിഗണനയിലിരിക്കവേ 2024 ഫെബ്രുവരി ഏഴിന് പരാതിക്കാരിൽ ഒരാളായ രാധമ്മയുടെ പേരിലെടുത്ത വായ്പയ്ക്ക് ഈടായി നൽകിയ വസ്തുവിന്റെ ലേല നടപടികൾ ആരംഭിച്ചത് ബാങ്കിന്റെ വൈരാഗ്യ ബുദ്ധികൊണ്ടാണെന്നും കമ്മീഷനെ അറിയിച്ചു.
സഹകരണ സംഘം ഡപ്യൂട്ടി രജിസ്ട്രാർ, സംസ്ഥാന സഹകരണ ബാങ്ക് ആലപ്പുഴ റീജണൽ മാനേജർക്ക് അയച്ച കത്തിൽ അനിരുദ്ധന് നിയമാനുസൃതമായ ഇളവ് നൽകി വായ്പ അവസാനിപ്പിക്കാൻ നിർദേശം നൽകയിട്ടുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അനിരുദ്ധന്റെയും സന്ധ്യയുടെയും പേരിലെടുത്ത കടത്തിൽ രണ്ടു ലക്ഷം രൂപ സർക്കാർ ഏറ്റെടുത്ത് കാർഷിക കടാശ്വാസ കമ്മീഷൻ 2021 ഓഗസ്റ്റ 5ന് ഉത്തരവായതായി ബാങ്ക് കമ്മീഷനെ അറിയിച്ചു. എന്നാൽ, ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്ക് മാനുഷികമായി ഇടപെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.