പോലീസുകാര്‍ അസഭ്യം പറയാന്‍ പാടില്ലായെന്നു വിധിയില്‍ പറയേണ്ടതായിരുന്നില്ല: ജസ്റ്റീസ് ദേവന് രാമചന്ദ്രന്
1338998
Thursday, September 28, 2023 10:29 PM IST
ആലപ്പുഴ: പോലീസുകാര്‍ പൗരന്മാരെ അസഭ്യം പറയാന്‍ പാടില്ലായെന്നു ഹൈക്കോടതി ജഡ്ജി വിധിയില്‍ പറയേണ്ടതായിരുന്നില്ല എന്നും അത് അടിസ്ഥാനപരമായ അനിവാര്യതയാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. വൈഎംസിഎ സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടന: ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ അവര്‍ക്ക് അറിയാത്തതുകൊണ്ടാണങ്ങനെ സംഭവിക്കുന്നത്. പോലീസിന്റെ മൃഗീയ ശക്തിയെ ഭയന്നായിരിക്കാം പൊതുജനം നിശബ്ദത പാലിക്കുന്നത്. എന്നാല്‍, ഒരു പോലീസുകാരനും അങ്ങനെ ചീത്ത പറയാന്‍ പാടില്ല. പോലീസില്‍ നിന്ന് എടാ, പോടാ വിളി പാടില്ല. ജനങ്ങളാണ് യജമാനന്മാരെന്നും പോലീസുകാര്‍ പൊതു സേവകര്‍ മാത്രമാണെന്നും മനസിലാക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈഎംസിഎ എ.വി. തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥികളെ അഡ്വ. പ്രിയദര്ശന് തമ്പി പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റുമാരായ ഇ. ജേക്കബ് ഫിലിപ്പോസ്, ഡോ.പി. കുരിയപ്പന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ് നന്ദി പറഞ്ഞു.
കോളജ് അധ്യാപന, പത്രപ്രവര്‍ത്തന, പൊതു രംഗങ്ങളില്‍ മികവു തെളിയിച്ചിട്ടുള്ള ഷെവലിയര്‍ ഏബ്രഹാം അറയ്ക്കലിന് സര് ജോര്‍ജ് വില്യംസ് ഫെലോഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു.