കൈയേറിയ പുറമ്പോക്ക് ഭൂമി തിരികെപ്പിടിക്കാൻ നടപടി
1336792
Tuesday, September 19, 2023 10:59 PM IST
അമ്പലപ്പുഴ: സ്വകാര്യവ്യക്തികൾ കൈയേറിയ സർക്കാർ വക പുറമ്പോക്ക് ഭൂമി തിരികെപ്പിടിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തി.
സ്വകാര്യവ്യക്തികൾ പുറമ്പോക്ക് ഭൂമി കൈയേറിയതായും കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12-ാം വാർഡ് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു കിഴക്ക് വശമാണ് മൂന്നു സ്വകാര്യവ്യക്തികൾ വർഷങ്ങൾക്കു മുൻപ് പൊതുവഴിയായിരുന്ന സ്ഥലം കൈയേറി മതിൽ കെട്ടിയത്.
തുടർന്ന് സമീപവാസി വേലൻ പറമ്പിൽ ശരത് ബാബു, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഭരണസമിതി എന്നിവർ പരാതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞദിവസം റവന്യു ഉദ്യോഗസ്ഥരെത്തി റീ സർവേ നടപടികൾ പൂർത്തിയാക്കി.
3.2 മീറ്റർ വീതിയിലും 29.7 മീറ്റർ നീളത്തിലുമുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്നത്. റീ സർവേയിൽ പുറമ്പോക്ക് ഭൂമി ഈ വ്യക്തികൾ കൈയടക്കിയിരുന്നതായും കണ്ടെത്തി. തുടർ നടപടികളുടെ ഭാഗമായി കക്ഷികൾക്ക് നോട്ടീസ് നൽകി വിശദീകരണം തേടിയ ശേഷം പുറമ്പോക്ക് ഭൂമിയിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റി ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടുമെന്ന് റവന്യു അധികൃതർ അറിയിച്ചു.