തീരദേശത്തെ പിങ്ക് കുറ്റികൾ കോൺഗ്രസ് പിഴുതെറിയും: ടി.എൻ. പ്രതാപൻ എംപി
1300140
Sunday, June 4, 2023 11:27 PM IST
തുറവൂർ: ജൂലൈ മാസത്തിനുള്ളിൽ തീരദേശ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇപ്പോൾ ഇട്ടിരിക്കുന്ന പിങ്ക് കുറ്റികൾ പിഴുതെറിയുമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ്ദേശീയ പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം പി പ്രഖ്യാപിച്ചു. കോൺഗ്രസ് തുറവൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശസംരക്ഷണ ജാഥ പള്ളിത്തോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിആർ ഇസെഡ് നിയമം പൊളിച്ചെഴുതണമെന്നും കേരളത്തിന്റെ തീരദേശത്തെ സിആർ ഇസെഡ് ടൂ വിഭാഗത്തിൽപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യതൊഴിലാളി ഭവനപദ്ധതി പുനസ്ഥാപിക്കണമെന്നും മത്സ്യതൊഴിലാളികളുടെ റേഷൻ മണ്ണെണ്ണ വിതരണം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോൺസൺ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ അഡ്വ.ഷാനിമോൾ ഉസ്മാൻ, അഡ്വ.എസ്. ശരത്ത് ,അഡ്വ. ഉമേശൻ, അഡ്വ.ടി.എച്ച്.സലാം ,തുറവൂർ ദേവരാജ്,ദിലീപ് കണ്ണാടൻ ,അസീസ് പായിക്കാട് ,പി.ജി. രാധാകൃഷ്ണൻ, സജിമോൾ ഫ്രാൻസീസ്, മോളി രാജേന്ദ്രൻ, ,സി.ഒ. ജോർജ് ,എം.എസ്. സന്തോഷ് ,അഡ്വ.വിജയ് കുമാർ വാലയിൽ , ടൈറ്റസ്, സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു.