ആലപ്പുഴ: ശമ്പള കുടിശികയും ലീവ് സറണ്ടറും ഇല്ലാതാക്കിയ നടപടി തൊഴിലാളി ദ്രോഹമെന്ന് എൻജിഒ അസോസിയേഷൻ. സർക്കാർ കടുത്ത തൊഴിലാളി ദ്രോഹമാണ് നടത്തിയിരിക്കുന്നതെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ഇതിൽ പ്രതിഷേധിച്ച് നാളെ ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് എൻ.എസ്. സന്തോഷ് അധ്യക്ഷനായി. ഇല്ലത്ത് ശ്രീകുമാർ, പി. വേണു, ജിജിമോൻ പൂത്തറ കെ ഭരതൻ, പി. എസ്. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പദയാത്രയുടെ നൂറാം വാർഷികം
ആലപ്പുഴ: വൈക്കം സത്യഗ്രഹസമരത്തിനു പിൻതുണ അർപ്പിച്ചും ടി.കെ. മാധവനെയും കെ.പി. കേശവമേനോനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ വൈക്കത്തേക്ക് നടത്തിയ പദയാത്രയുടെയും ബാവ വൈക്കത്ത് അറസ്റ്റ് ചെയ്യപ്പെട്ടതിന്റെയും നൂറാം വാർഷികം ആചരിച്ചു. വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ നൂറ്റി ഒന്നാം വാർഷികവും ഇതോടൊപ്പം നടത്തി. ബാവയുടെ ചിത്രത്തിൽ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദനൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രമേശ് വാടപ്പുറം അധ്യക്ഷത വഹിച്ചു.