സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ജെസി ചാക്കോ
1281891
Tuesday, March 28, 2023 11:08 PM IST
ആലപ്പുഴ: വിശുദ്ധ ബൈബിളിന്റെ സമ്പൂർണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശിനി ജെസി ചാക്കോ. ആദ്യം പുതിയ നിയമവും പിന്നീട് പഴയനിയമവും പൂർത്തിയാക്കുകയായിരുന്നു. ബൈബിൾ പാരായണ സംഘമായ എഫേത്തയിലെ അംഗമാണ് ജെസി.
ചങ്ങനാശേരി കുന്നന്താനത്ത് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ഭിന്നശേഷിക്കാരിയുമായ ഒരു കുട്ടിയുടെ സാക്ഷ്യമാണ് ആലപ്പുഴ മാർ സ്ലീവ ഫൊറോന പള്ളി ഇടവകക്കാരിയും തത്തംപള്ളി താമസക്കാരിയുമായ ജെസിയെ ബൈബിൾ എഴുതാൻ പ്രേരിപ്പിച്ചത്.
2022 ജനുവരി 26ന് എഴുതിത്തുടങ്ങിയ പുതിയ നിയമം മാർച്ച് 28ന് തീർത്തു. 62 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. എഴുതിത്തീർത്ത പുതിയ നിയമം വെഞ്ചരിക്കാൻ പള്ളിയിലെത്തിച്ചപ്പോൾ അന്നത്തെ വികാരി ഫാ. ഫിലിപ്പ് തയ്യിൽ പഴയ നിയമംകൂടി പൂർത്തിയാക്കാൻ പ്രോത്സാഹിപ്പിച്ചു. ഏപ്രിൽ നാലിനു പഴയനിയമം എഴുതിത്തുടങ്ങി. ഒരു ദിവസം പോലും മുടങ്ങാതെ എഴുത്ത്. ചില ദിവസങ്ങളിൽ പത്തു മിനിറ്റും ചിലപ്പോൾ ഏഴു മണിക്കൂറും എഴുത്തിനായി വിനിയോഗിച്ചു. ഇതിനിടെ, വലതുകാൽ അനക്കാൻ പറ്റാത്ത വേദനയുമുണ്ടായി.
എങ്കിലും എഴുത്തിൽനിന്നും രാവിലത്തെ വിശുദ്ധ കുർബാനയിൽനിന്നും പിന്നോട്ടുപോയില്ല. എഴുത്തിനിടെയും വീട്ടിലുള്ളവരുടെ കാര്യങ്ങൾ നോക്കാനും സമയം കണ്ടെത്തി. കുടുംബത്തിന്റെ സന്പൂർണ പിന്തുണയോടെ കഴിഞ്ഞ ജനുവരി 20ന് ജെസി ബൈബിൾ പൂർത്തിയാക്കി. ആലപ്പുഴ വൈഎംസിഎയ്ക്കു സമീപം ആന്റണീസ് സ്റ്റുഡിയോ ഉടമയായ പി.എം. ചാക്കോയാണ് ഭർത്താവ്. മക്കൾ മിത മേരി ചാക്കോ (ദുബായ്), എബി (ആന്റണീസ് സ്റ്റുഡിയോ), കെവിൻ (വിദ്യാർഥി കെഇ കോളജ് മാന്നാനം).