വില്പനയ്ക്കു വച്ച സ്കൂട്ടറിൽ കഞ്ചാവ്; രണ്ടുപേർ പിടിയിൽ
1225576
Wednesday, September 28, 2022 10:46 PM IST
കോട്ടയം: ചങ്ങനാശേരി- കോട്ടയം എംസി റോഡരികിൽ വില്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റർ ചെയ്യാത്ത സ്കൂട്ടറിൽ ഒളിപ്പിച്ചുവച്ചിരുന്നത്. ചുമതലക്കാരൻ കുട്ടനാട് കാവാലം സ്വദേശി അമർ കുമാർ ഉല്ലാസിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സുബിൻ, അജയ് എന്നീ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സ്കൂട്ടർ സൂക്ഷിച്ചിരുന്നിടത്തു രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നതും യുവാക്കൾ വന്നുപോകുന്നതും പരിസരവാസികളിൽ സംശയം ഉളവാക്കി.
എൻഡിപിഎസ് സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട നന്പറുകളിൽ പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നു ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ എ.എസ്. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിജു, അമൽ ദേവ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുമുണ്ടായിരുന്നു.