റേഷൻ കടകളിൽ വീണ്ടും മസ്റ്ററിംഗ് കാലം
1459140
Saturday, October 5, 2024 7:36 AM IST
കാസർഗോഡ്: ആവശ്യത്തിന് പച്ചരി പോലും കിട്ടാനില്ലെങ്കിലും മസ്റ്ററിംഗിനായി റേഷൻ കടകളിൽ ചെന്ന് കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയിലാണ് കാർഡുടമകൾ. മുൻഗണന വിഭാഗത്തിൽ പെടുന്ന മഞ്ഞ (അന്ത്യോദയ അന്നയോജന), പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
ഈ മാസം എട്ട് വരെയാണ് നിലവിൽ ഇതിന് സമയമനുവദിച്ചിട്ടുള്ളത്. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കാർഡും ആധാറുമെടുത്ത് ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് മസ്റ്ററിംഗ് നടത്തണം. നിശ്ചിത തീയതിക്കകം മസ്റ്ററിംഗ് നടത്താത്തവരുടെ റേഷൻ വിഹിതം നിർത്തലാക്കുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. നേരത്തേ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിംഗിന് അവസരം നല്കിയിരുന്നു.
അന്നുതന്നെ മസ്റ്ററിംഗ് നടത്തിയവർ ഇത്തവണ വീണ്ടും വരേണ്ടതില്ല. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ-പോസ് യന്ത്രത്തിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങിയ അംഗങ്ങളും വീണ്ടും മസ്റ്ററിംഗ് നടത്തേണ്ടതില്ലെന്നാണ് അറിയിപ്പ്. വീണ്ടും മസ്റ്ററിംഗിന്റെ തിരക്കേറിയതോടെ ഇ-പോസ് യന്ത്രവും സെർവറും തകരാറിലാകുന്നതും പതിവായി.
ആദ്യഘട്ട മസ്റ്ററിംഗ് നടന്നപ്പോൾ ഈ സ്ഥിതിയുണ്ടായിരുന്നു. എട്ടാം തീയതിക്കകം എല്ലാവരുടെയും മസ്റ്ററിംഗ് പൂർത്തിയാക്കാനായില്ലെങ്കിൽ വീണ്ടും തീയതി നീട്ടേണ്ടിവരുമോ എന്ന സംശയവുമുണ്ട്. കടകളിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ മസ്റ്ററിംഗ് ബന്ധപ്പെട്ടവർ വീടുകളിലെത്തി നടത്തും.
മുൻഗണനാ വിഭാഗങ്ങളിൽ പെടുന്ന കാർഡുകളിലെ അംഗങ്ങൾ മാത്രമേ മസ്റ്ററിംഗ് നടത്തേണ്ടതുള്ളൂ എന്നാണ് സർക്കാരിന്റെ അറിയിപ്പ്. ഇവർക്ക് സർക്കാർ നല്കുന്ന റേഷൻ ആനുകൂല്യങ്ങളുടെ കൃത്യമായ വിതരണം ഉറപ്പുവരുത്താനാണ് ഇത്.