റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും പച്ചരിക്ക് ക്ഷാമം
1458664
Thursday, October 3, 2024 6:15 AM IST
കാസർഗോഡ്: റേഷൻകടകളിൽ പഞ്ചസാരയ്ക്കും ഗോതമ്പിനും പിന്നാലെ പച്ചരിയും എപിഎൽ കാർഡുടമകൾക്ക് കിട്ടാക്കനിയാകുന്നു. എഎവൈ ഒഴികെയുള്ള മുൻഗണനാ വിഭാഗങ്ങൾക്കു പോലും രണ്ടു കിലോയോ അതിലും താഴെയോ മാത്രമാണ് ഇപ്പോൾ പച്ചരി കിട്ടുന്നത്.
എഎവൈ വിഭാഗത്തിനു മാത്രം ഒക്ടോബർ മാസം കാസർഗോഡ് താലൂക്കിൽ 13 കിലോയും ഹോസ്ദുർഗ് താലൂക്കിൽ 10 കിലോയും വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളിൽ അഞ്ച് കിലോ വീതവും പച്ചരി അനുവദിച്ചിട്ടുണ്ട്.
ഓരോ താലൂക്കിലും വിതരണം ചെയ്യുന്ന അരിയുടെ അളവിൽ വ്യത്യാസമുണ്ടാകുന്നത് കാർഡുടമകളോടുള്ള വിവേചനമാണെന്ന ആക്ഷേപവും ശക്തമാണ്. ഗോത്രവർഗ മേഖലകൾ കേന്ദ്രീകരിച്ച് എഎവൈ കാർഡുടമകൾ കൂടുതലുള്ള താലൂക്കുകളാണ് വെള്ളരിക്കുണ്ടും മഞ്ചേശ്വരവും.
കാർഡുകളുടെ എണ്ണം കൂടുമ്പോൾ ഓരോരുത്തർക്കും ലഭിക്കുന്ന അരിയുടെ അളവ് കുറയുകയാണെന്നാണ് പരാതി. മാവേലി സ്റ്റോറുകളിൽ ഓണക്കാലത്ത് പച്ചരി എത്തിയിരുന്നെങ്കിലും ഓണം കഴിഞ്ഞതോടെ തീർന്നു. പിന്നെ പുതിയ സ്റ്റോക്ക് വന്നതുമില്ല. വീട്ടാവശ്യത്തിനുള്ള പച്ചരിക്കായി പൊതുവിപണിയെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം പേരും.