എയിംസ് കാസർഗോട്ട് തന്നെ അനുവദിക്കണം: കേരള കോൺഗ്രസ്-എം
1458457
Wednesday, October 2, 2024 8:08 AM IST
കാസർഗോഡ്: എൻഡോസൾഫാൻ ദുരന്തഭൂമിയായ കാസർഗോഡ് ജില്ലയ്ക്കു തന്നെ കേന്ദ്ര സർക്കാരിന്റെ എയിംസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അത്യാധുനിക ചികിത്സയും മെഡിക്കൽ ഗവേഷണങ്ങളും ആവശ്യമായി വരുന്ന കാസർഗോഡ് മേഖല ആരോഗ്യമേഖലയിൽ ഇത്രമാത്രം തഴയപ്പെടുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.
ജില്ലയിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് കൃത്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നും മനുഷ്യജീവന് വില കൊടുത്തുകൊണ്ട് വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ രണ്ടു ജനകീയ ആവശ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും ജില്ലാ നേതൃസംഗമം തീരുമാനിച്ചു. കാസർഗോഡ് കോസ്മോസ് ഹാളിൽ ചേർന്ന യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, ജില്ലാ സെക്രട്ടറിമാരായ ബിജു തുളുശേരി, ചാക്കോ തെന്നിപ്ലാക്കൽ, സിജി കട്ടക്കയം, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ട്രഷറർ ജോസ് ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോസ് പാഴുകുന്നേൽ, ജിമ്മി എലിപുലിക്കാട്ട്, രാഘവ ചേരാൽ, ചാക്കോ ആനക്കല്ല്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യൂസഫ്, സാജു പാമ്പയ്ക്കൽ, ജേക്കബ് കാനാട്ട്, ടോമി വാഴപ്പള്ളി, സ്റ്റീഫൻ മൂരിക്കുന്നേൽ, ജോസ് പേണ്ടാനത്ത്, ഇ.എൽ. ടോമി, രഞ്ജിത്ത് പുളിയക്കാടൻ, ടോമി കുമ്പാട്ട്, മുനീർ മുനമ്പം, സിദ്ദിഖ് ചേരങ്കൈ, മൈക്കിൾ പൂവത്താനി എന്നിവർ പ്രസംഗിച്ചു.