ദേശീയപാത വികസനം: കുന്നിടിക്കല്‍ തടഞ്ഞ് നാട്ടുകാര്‍
1444123
Monday, August 12, 2024 1:02 AM IST
കാസര്‍ഗോഡ്: ദേശീയപാതയില്‍ ചെര്ക്കളയ്ക്കു സമീപം മുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം പുനരാരംഭിക്കുന്നതിനായി കുന്നിടിച്ച് റോഡ് നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് വലിയ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞദിവസം കുന്നിടിക്കല്‍ തടഞ്ഞത്. ഇതോടെ ഇവിടുത്തെ പ്രവൃത്തി അധികൃതര്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
ന്യൂബേവിഞ്ച വികെ പാറയിലെ റിട്ട.അധ്യാപകന് എ.അബ്ദുള്ളയുടെ വീടിനും സമീപത്തെ വൈദ്യുതതൂണുകള്ക്കും താത്കാലിക പാതയ്ക്കായുള്ള കുന്നിടിക്കല്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വികെ പാറ കുണ്ടടുക്കത്ത് ദേശീയപാതയില്‍ വിള്ളല്‍ വീണ പഴയ ദേശീയപാത ഭാഗം ഒഴിവാക്കി വീതി കൂട്ടി താത്കാലികപാത ഉണ്ടാക്കുന്നതിന് റോഡിന്റെ വലതുഭാഗത്ത് 10 മീറ്ററോളം ഉയരത്തിലാണ് കുന്നിടിച്ചത്.
സമീപത്തെ വീടിന് ഉള്‍പ്പെടെ വലിയ ആഘാതം ഉണ്ടാകാനും ഇത് കാരണമാകും. ഈ വീട്ടിലേക്ക് വാഹനം കടന്നുപോകാനുണ്ടായിരുന്ന റോഡ് പോലും കുന്നിടിച്ച് തകര്‍ക്കുന്ന രീതിയിലാണ് നിര്‍മാണം നടക്കുന്നതെന്നാണ് ആരോപണം.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കിയാണ് നിര്‍മാണമെന്ന് നിര്‍മാണകമ്പനി അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതു വി ശ്വാസത്തിലെടുക്കാന് കഴിയില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി. നിലവില്‍ റോഡിന്റെ ഇരുവശവും അപകടഭീഷണിയുണ്ട്.
ഇന്നു വൈകുന്നേരം മുതല്‍ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങളുടെ ഗതാഗതം ഇവിടെ പുനഃസ്ഥാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ അറിയിച്ചിരുന്നത്.
നിലവിലുള്ള സാഹചര്യത്തില്‍ ഇതു വൈകാനാണ് സാധ്യത. വികെ പാറ മുതല്‍ ബേവിഞ്ച സ്റ്റാര്‍ നഗര്‍ വരെ കുന്നിടിച്ച ഭാഗം സോയില്‍ നെയ്ലിംഗ് ചെയ്ത് ഭദ്രമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈയൊരു മാര്‍ഗം എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിലും സംശയമുണ്ട്. സോയില്‍ നെയ്ലിംഗ് ചെയ്ത ഭാഗങ്ങൾ പലയിടത്തും ഇടിഞ്ഞിട്ടുണ്ട്.
കുന്നിടിക്കലും ബസ് ഗതാഗതതടസവും കാരണം നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതം ഇരട്ടിച്ചു. ബസുകളും ലോറികളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ചെര്‍ക്കളയില്‍ നിന്നും ചട്ടഞ്ചാലിൽ നിന്നും വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചെര്‍ക്കളയ്ക്കും ചട്ടഞ്ചാലിനും ഇടയിലുള്ള ആറു കിലോമീറ്റര്‍ പ്രദേശത്തുള്ള കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.
ചികിത്സാ ആവശ്യത്തിനുപോലും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിലും സുരക്ഷ ഉറപ്പുവരുത്തുന്നതിലും ജില്ലാ ഭരണകൂടം നിസഹായവസ്ഥയിലാണെന്നാണ് ആക്ഷേപമുയരുന്നത്.