എംഎല്‍എയും കളക്ടറും പുനരധിവാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
1441392
Friday, August 2, 2024 7:11 AM IST
രാജപുരം: കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെയും ചുള്ളിക്കര ജിഎല്‍പി സ്കൂളിലെയും പുനരധിവാസ ക്യാമ്പുകള്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പത്തുകുടി പട്ടികവര്‍ഗ മേഖലയിലെ 13 കുടുംബങ്ങളെയാണ് കുന്നിടിച്ചില്‍ ഭീഷണിയെതുടര്‍ന്ന് കമ്മാടി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ച് ക്യാമ്പ് തുടങ്ങിയത്.
25 പുരുഷന്മാരും 21 സ്ത്രീകളും 12 വയസില്‍ താഴെയുള്ള ഏഴു കുട്ടികളുമായി 53 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ള കുടുംബങ്ങള്‍ക്ക് പുറമെ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി പനത്തടി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ക്യാമ്പിലുള്ളവര്‍ക്കായി വനസംരക്ഷണ സമിതി നല്കിയ അവശ്യവസ്തുക്കള്‍ എംഎല്‍എ കൈമാറി.
കുട്ടിക്കാനം, ഓട്ടക്കണ്ടം, നീലിമല എന്നിവിടങ്ങളിലെ 26 പട്ടികവര്‍ഗ കുടുംബങ്ങളാണ് ചുള്ളിക്കര സ്കൂളിലെ ക്യാമ്പിലുള്ളത്. 27 പുരുഷന്മാരും 39 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടെ നൂറുപേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 12 മുതിര്‍ന്ന പൗരന്മാരും ഒരു നവജാതശിശുവും ഉള്‍പ്പെടുന്നു.