നവജാതശിശുവിന്റെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു
1436926
Thursday, July 18, 2024 2:27 AM IST
കാസര്‍ഗോഡ്: ദേലംപാടി പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ സംരക്ഷണം കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.
കുട്ടിയെ നിലവിലെ പാര്‍പ്പിച്ചിരിക്കുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപതിയില്‍ സന്ദര്‍ശിച്ചാണ് കമ്മിറ്റി അംഗങ്ങളായ രേണുക ദേവി തങ്കച്ചി, അഹമ്മദ് ഷറീന്, ശ്രീജിത് എന്നിവര്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. ആവശ്യമായ ചികിത്സകള്‍ക്ക് ശേഷം കുട്ടിയെ ചേരൂര്‍ മേനാങ്കോട്ട് സ്ഥിതി ചെയ്യുന്ന ശിശു വികാസ് ഭവനിലേക്ക് മാറ്റും.
കുട്ടിയുടെ നിലവിലെ ആരോഗ്യ സാഹചര്യത്തെകുറിച്ചും ആവശ്യമായ ചികിത്സകളെകുറിച്ചും ജനറല്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാലുദ്ദീനുമായി കമ്മിറ്റി ചര്‍ച്ച നടത്തി. നിലവില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളില്‍ കമ്മിറ്റി തൃപ്തി രേഖപ്പെടുത്തി.
കേസ് അന്വേഷിക്കുന്ന ആദൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ കമ്മിറ്റി അംഗങ്ങള്‍ അന്വേഷണ പുരോഗതി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.