കാഞ്ഞങ്ങാട്-മടിക്കേരി ദേശീയപാതയും സർവേയിലൊതുങ്ങി
1436608
Wednesday, July 17, 2024 12:30 AM IST
പാണത്തൂർ: കാണിയൂർ റെയിൽപാതയ്ക്കൊപ്പം ജില്ലയുടെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് വഴിതുറക്കുമായിരുന്ന കാഞ്ഞങ്ങാട്-പാണത്തൂർ-മടിക്കേരി ദേശീയപാതയും സർവേയിലൊതുങ്ങി. കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെ നിലവിലുള്ള സംസ്ഥാനപാത ദേശീയപാതയായി വികസിപ്പിച്ച് മടിക്കേരി വരെ നീട്ടി മംഗളൂരു-ബംഗളൂരു ദേശീയപാതയുമായി കൂട്ടിച്ചേർക്കാവുന്നതാണെന്ന നിർദേശം 2018 ലാണ് കേന്ദ്രസർക്കാരിന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചത്. തുടർന്ന് സംസ്ഥാനത്തെ ദേശീയപാതാ വിഭാഗത്തിന്റെയും സ്വകാര്യ ഏജൻസിയുടെയും കീഴിൽ സർവേയും നടന്നിരുന്നു. എന്നാൽ, തുടർ പ്രവർത്തനങ്ങൾ ക്രമേണ മെല്ലെപ്പോക്കിലാവുകയായിരുന്നു.
കാഞ്ഞങ്ങാട് നിന്ന് തുടങ്ങി മടിക്കേരി വരെ ഏതാണ്ട് 100 കിലോമീറ്റർ നീളത്തിലാണ് ദേശീയപാത വിഭാവനം ചെയ്തത്. വളവുകൾ കുറച്ച് പാത യാഥാർഥ്യമാകുമ്പോൾ ഇത് 93 കിലോമീറ്റർ വരെയായി കുറയ്ക്കാൻ കഴിയുമെന്നായിരുന്നു സർവേ റിപ്പോർട്ട്. 40 കിലോമീറ്റർ ദൂരം കേരളത്തിലൂടെയും ബാക്കി കർണാടകയിലൂടെയുമാണ് പാത കടന്നുപോകുന്നത്.
സാധാരണ മലയോര പാതകളിൽ കാണുന്ന തരത്തിലുള്ള ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഇല്ലെന്ന അനുകൂല ഘടകം സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 മീറ്റർ വീതിയിലുള്ള രണ്ടുവരി പാത നിർമിക്കാനാണ് രൂപരേഖ തയാറാക്കിയത്. മാവുങ്കാൽ, ഒടയംചാൽ, രാജപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ 16 മീറ്റർ വീതിയും അടയാളപ്പെടുത്തിയിരുന്നു. 16 മീറ്റർ വീതിയിൽ പുതിയ പാലങ്ങൾ നിർമിക്കാനും പദ്ധതി തയാറാക്കിയിരുന്നു.
കേരളത്തിന്റെ ഭാഗത്ത് നിലവിലുള്ള സംസ്ഥാനപാത കടന്നുപോകുന്ന വഴിയിൽ ഇരുവശങ്ങളിലും 30 മുതൽ 40 മീറ്റർ വരെ പൊതുസ്ഥലമുള്ളതിനാൽ നിർദിഷ്ട ദേശീയപാതയ്ക്കുവേണ്ടി പുതുതായി ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നും സർവേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കർണാടകയിലൂടെ കടന്നുപോകുന്ന ഭാഗത്തിൽ നല്ലൊരു പങ്ക് വനമേഖലയാണെന്നത് ചെറിയൊരു തടസമായി. എന്നാൽ, ദേശീയപാത യാഥാർഥ്യമായാൽ സുള്ള്യ, മടിക്കേരി മേഖലയുടെ വികസനത്തിനും അത് സഹായകമാകുമെന്നും കുറഞ്ഞ ദൂരത്തിൽ മൈസൂരു, ബംഗളൂരു, ചെന്നൈ നഗരങ്ങളുമായി ബന്ധപ്പെടാൻ വഴിയൊരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ദേശീയപാതയ്ക്കായുള്ള സർവേ നടന്നതിനു ശേഷമാണ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികൾ തുടങ്ങിയത്. പലപ്പോഴും ഒച്ചിഴയുന്ന വേഗതയിൽ മുന്നോട്ടുപോയ പ്രവൃതികൾ ഇനിയും പൂർത്തിയായിട്ടില്ല.
ദേശീയപാതകളുടെ വികസനത്തിൽ കേന്ദ്രസർക്കാരിന് പ്രത്യേക താൽപര്യമുള്ളതിനാൽ സംസ്ഥാന സർക്കാരും എംപിയടക്കമുള്ള ജനപ്രതിനിധികളും മുൻകൈയെടുത്താൽ പദ്ധതി ഇനിയും യാഥാർഥ്യമാക്കാൻ കഴിയും. അതിനുള്ള ശ്രമങ്ങൾ ആദ്യം കേരളത്തിന്റെ ഭാഗത്തുനിന്ന് തുടങ്ങണമെന്നു മാത്രം.