സഹകരണ സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയെടുത്ത് സിപിഎം തടിച്ചുകൊഴുക്കുന്നു: ഉണ്ണിത്താൻ
1423562
Sunday, May 19, 2024 7:30 AM IST
കാസർഗോഡ്: എട്ടുവർഷമായി കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും സാധാരണക്കാർ നിക്ഷേപിച്ച പണം തട്ടിയെടുത്ത് പാർട്ടി തടിച്ചു കൊഴുക്കുകയും സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുകയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
കാറഡുക്ക അഗ്രിക്കൾച്ചർ വെൽഫെയർ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നടത്തുന്ന തട്ടിപ്പുകൾക്ക് സഹകരണവകുപ്പും കേരള ബാങ്കും ചൂട്ടുപിടിക്കുന്ന സാഹചര്യത്തിൽ കാറഡുക്കയിൽ നടന്ന തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു.ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ, എം.സി.പ്രഭാകരൻ, കരുൺ താപ്പ, സോമശേഖര ഷേണി, സി.വി.ജയിംസ്, എം.കുഞ്ഞമ്പു നമ്പ്യാർ, വി.ആർ.വിദ്യാസാഗർ, പി.വി.സുരേഷ്, ഹരീഷ് പി.നായർ, സുന്ദര ആരിക്കാടി, ധന്യ സുരേഷ്, അഡ്വ.എ.ഗോവിന്ദൻ നായർ, വി.ഗോപകുമാർ, ഉമേശൻ ബേളൂർ, മധുസൂദനൻ ബാലൂർ, കാർത്തികേയൻ പെരിയ, ദിവാകരൻ കരിച്ചേരി, കേവീസ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.