കാറഡുക്ക സഹകരണസംഘം തട്ടിപ്പ്:സിപിഎം ശ്രമം കരുവന്നൂര്‍ ആവര്‍ത്തിക്കാനെന്ന് കോണ്‍ഗ്രസ്
1422979
Friday, May 17, 2024 12:54 AM IST
കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള ജില്ലയിലെ പല സംഘങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടക്കുന്നതായും എന്നാല്‍ ഭരണസ്വാധീനമുപയോഗിച്ചും സഹകരണ വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പ് മറയിട്ട് സിപിഎം നേതാക്കളും ഭരണസമിതിയും മുന്നോട്ടുപോകുന്നതെന്നും കാസര്‍ഗോട്ടും കരുവന്നൂര്‍ ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍.
സിപിഎം ഭരിക്കുന്ന കാടകം സഹകരണ ബാങ്ക്, കുണ്ടംകുഴി ഫാര്‍മേഴ്സ് ബാങ്ക്, മുന്നാട് പീപ്പിള്‍സ് കോളജ്, പനത്തടി സഹകരണ ബാങ്ക്, മാണിയാട്ട് സഹകരണബാങ്ക്, കൊട്ടക്കാട് സഹകരണ ബാങ്ക്, തിമിരി ബാങ്ക്, പനയാല്‍ സഹകരണ ബാങ്ക്, പെരുമ്പള സഹകരണ ബാങ്ക് കുറ്റിക്കോല്‍ അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളില്‍ കോടികളുടെ അഴിമതിയും തട്ടിപ്പും നടക്കുന്നതായി ആരോപണമുണ്ട്.
അതുപോലെ കേരള ബാങ്കില്‍ നിന്നും ക്യാഷ് ക്രെഡിറ്റ് നല്കുമ്പോള് സംഘങ്ങളുടെ സാമ്പത്തികമായ ഇടപാടുകള്‍ കൃത്യമായി പരിശോധിക്കേണ്ട ബാധ്യതയും കേരള ബാങ്കിനുണ്ട്. ഒരു സഹകരണ സ്ഥാപനത്തിന്റെ ലോക്കര്‍ ഒരാൾ ഒറ്റക്ക് കൈകാര്യം ചെയ്യുന്നതും അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണ്. പണയപണ്ടങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും പരിശോധിച്ച് അളന്ന് തൂക്കി നിജപ്പെടുത്തേണ്ടതും സംഘം ഭരണസമിതിയുടെയും സഹകരണ വകുപ്പിന്റെയും ചുമതലയാണ്.
ഏപ്രില്‍ മാസം ആദ്യവാരത്തില്‍ നല്‍കേണ്ട ഇതു സംബന്ധിച്ച കാറഡുക്ക സംഘത്തിന്റെ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറിയിട്ടില്ല. കെ.രതീശന് വീണ്ടും ബാങ്കിലെത്തി കൂടുതല്‍ പണയ സ്വര്‍ണങ്ങള്‍ കടത്തി കൊണ്ടുപോകുന്നതിന് അവസരം നല്‍കുകയാണ് ഭരണസമിതി ചെയ്തത്. സഹകരണ വകുപ്പും ഭരണസമിതിയും പോലീസില്‍ യഥാസമയം പരാതി നല്കിയിരുന്നെങ്കില് ഇത് ഒഴിവാക്കാമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കാറഡുക്കയിലും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നല്കിയ സഹായധനം ഉള്‍പ്പെടെ പാവപ്പെട്ട നിരവധി പേരുടെ പണമാണ് നഷ്ടമായത്.
റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് നേതൃത്വം നലകുന്ന സിപിഎം നേതാക്കളുടെ പ്രേരണയിലും സഹായത്തിലുമാണ് ആരോപണ വിധേയനായ സി.പി.എം നേതാവായ സെക്രട്ടറി വയനാട്ടിലും ബംഗളൂരുവിലും ഭൂമികള്‍ ബിനാമിയായി വാങ്ങിയതെന്നാണ് പറയപ്പെടുന്നത്. കാറഡുക്ക പഞ്ചായത്തിലും പരിസരങ്ങളിലും ഒട്ടേറെ ഭൂമി സിപിഎം നേതാവായ ജനപ്രതിനിധി സ്വന്തമാക്കിയതായും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ജനപ്രതിനിധിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
സഹകരണ സ്ഥാപനങ്ങളെ കട്ടുമുടിക്കുന്ന സിപിഎം ഭരണത്തിനെതിരെയും കാറഡുക്ക അഗ്രിക്കള്‍ച്ചര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ അഴിമതിയില്‍ സിപിഎം പാര്‍ട്ടിക്കും സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10ന് ജെആര്‍ ഓഫിസ് മാര്‍ച്ച് നടത്തുമെന്നും ഫൈസല്‍ പറഞ്ഞു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കരുണ്‍ ഥാപ്പ, എം.സി. പ്രഭാകരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.