കുടിശിക ഒരു കോടി കവിഞ്ഞു;എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സൗജന്യ ചികിത്സ നിലയ്ക്കുന്നു
1417322
Friday, April 19, 2024 1:48 AM IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നിനും വാഹന സൗകര്യത്തിനും പിന്നാലെ സൗജന്യ ചികിത്സയും നിലയ്ക്കുന്നു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ഏറെയും മംഗളുരുവിലെ സ്വകാര്യാശുപത്രികളെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്.
കുടിശിക കോടികള്‍ കവിഞ്ഞതോടെ മംഗളുരുവിലെ സ്വകാര്യാശുപത്രികള്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
മൂന്നു കെഎംസി ആശുപത്രികളിലും യേനപ്പോയ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ദുരിതബാധിതര്‍ക്ക് സൗജന്യചികിത്സ ലഭിക്കുന്നത്. 80 ലക്ഷം മുതല്‍ ഒരു കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കാനുണ്ടെന്നാണ് കെഎംസി ജ്യോതി സര്‍ക്കിള്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്. രോഗികളുടെ നില ഗുരുതരമായതിനാല്‍ പണം ലഭിക്കാതിരുന്നിട്ടും നാലുമാസത്തോളം തങ്ങള്‍ ചികിത്സ തുടര്‍ന്നിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
യേനപ്പോയ മെഡിക്കല്‍ കോളജിനും ലക്ഷങ്ങളുടെ കുടിശികയുണ്ട്. കഴിഞ്ഞദിവസമാണ് പടന്ന പയ്യളത്തെ പി.ശശീന്ദ്രനും ഭാര്യ ശോഭനയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ ടി.വി.അശ്വതി (25)യെയും കൂട്ടി മംഗളുരു ജ്യോതി സര്‍ക്കിളിലെ കെഎംസി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെത്തിയപ്പോഴാണ് ചികിത്സനിര്ത്തിയ വിവരം അധികൃതര്‍ അറിയിക്കുന്നത്.
മാസത്തിലൊരിക്കല്‍ മകളെ ആശുപത്രിയില്‍ കാണിക്കാറുണ്ട്. അശ്വതിക്ക് കരള്‍ രോഗവും തൈറോയ്ഡ് പ്രശ്നവുമുണ്ട്. തുടരെ മറ്റ് അസുഖങ്ങളും വരുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ ചികിത്സ ലഭിച്ചിരുന്നതാണ്. പിന്നീട് അത്താവ് കെഎംസി ആശുപത്രിയിലേക്ക് പോയെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ ജ്യോതി സര്‍ക്കിള്‍ കെഎംസി ആയതിനാല്‍ ഇവിടെ നിന്നും ചികിത്സ നല്കാന് കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൈയില്‍ പണമില്ലാത്തതിനാല്‍ ചികിത്സ തേടാന്‍ കഴിയാതെ മടങ്ങി.
സൗജന്യചികിത്സ മുടങ്ങിയതോടെ ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ലെന്ന് ശശീന്ദ്രന് പറഞ്ഞു. ദേശീയ ആരോഗ്യദൗത്യം വഴി ഫണ്ട് ലഭിക്കാതെ വന്നതോടെ ദുരിതബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണവും സൗജന്യ വാഹനസേവനവും ഏതാണ്ട് നിലച്ചു. ലക്ഷങ്ങളാണ് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ലഭിക്കാനുള്ളത്.