പടന്ന എടച്ചാക്കൈയിൽ ബൈക്കിന് തീപിടിച്ചു
1416808
Wednesday, April 17, 2024 1:52 AM IST
തൃക്കരിപ്പൂർ: പടന്ന എടച്ചാക്കൈയിൽ റസ്റ്റോറന്റിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ തീപിടിച്ചു. തളിപ്പറമ്പിലെ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ബൈക്കിനാണ് തീപിടിച്ചത്. ആഷിഖിന്റെ സഹോദരനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് 2.30 ഓടെ സുഹൃത്തിനൊപ്പം എടച്ചാക്കൈയിലെ റസ്റ്റോറന്റിൽ നിന്നും ഇറങ്ങി വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴായിരുന്നു അപകടം.
സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തതിനു പിന്നാലെ ബൈക്കിന്റെ മുൻവശത്ത് പെട്രോൾ ടാങ്കിനു സമീപം തീ ആളിപ്പടർന്നതോടെ ഇരുവരും വണ്ടിയിൽനിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. റസ്റ്റോറന്റിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണച്ചു. വെയിലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്ക് ചൂടുപിടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.