പെയ്യാന്‍ മടിച്ച് വേനല്‍മഴ
1414973
Monday, April 8, 2024 1:42 AM IST
കാസര്‍ഗോഡ്: കൊടുംചൂടില്‍ നാടും നഗരവും ഉരുകുമ്പോള്‍ വേനല്‍മഴ കിട്ടാതെ വലഞ്ഞ് കാസര്‍ഗോഡ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ ജില്ലയില്‍ 0.2 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 19.8 മല്ലിമീറ്റര് ലഭിക്കേണ്ട സമയമാണിത്. കിട്ടിത് ശരാശരി ലഭിക്കേണ്ടതിന്റെയും ഒരുശതമാനം മാത്രം. കഴിഞ്ഞയാഴ്ച ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം മേഖലകളില്‍ ഒരു ദിവസം നേരിയ മഴ ലഭിച്ചിരുന്നു. ഏതാനും ദിവസങ്ങളില്‍ ആകാശം മേഘാവൃതമായിരുന്നെങ്കിലും മഴ പെയ്തില്ല.
ഇതോടെ പലസ്ഥലത്തും കുടിവെള്ളപ്രശ്നം രൂക്ഷമായിട്ടുണ്ട്. കുടിവെള്ള സ്രോതസുകള്‍ വറ്റിവരണ്ടതോടെ ജലസേചനം മുടങ്ങിയതിനാല്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുതുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലായി.
കുടിവെള്ള സ്രോതസുകള്‍ വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും മുഖ്യ പരിഗണന കുടിവെള്ളത്തിനായിരിക്കണമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു. ജില്ലയിലെ താപനിലയും വർധിക്കുകയാണ് 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് മിക്ക ദിവസവും താപനില വരുന്നത്.