പ്ലാസ്റ്റിക്ക് ബദല്‍ ഉത്പന്നങ്ങളുമായി കുടുംബശ്രീ
1396516
Friday, March 1, 2024 1:11 AM IST
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് കുടുംബശ്രീ ജില്ലാ മിഷന്.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുണി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തി. മത്സ്യം വാങ്ങുന്നതിനുള്ള സഞ്ചി, ക്ലോത്ത് പാഡ്, അലിഞ്ഞു പോകുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന തുണിസഞ്ചികള്‍, ഹാന്‍ഡ് പേഴ്സ് രൂപത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സഞ്ചികള്‍ തുടങ്ങി തുണി കൊണ്ടുള്ള വാഴക്കുല, പാള കൊണ്ടുള്ള ബോള്‍, പേപ്പര്‍ കൊണ്ടുള്ള തൂക്ക് വിളക്ക് തുടങ്ങി കുടുംബശ്രീ അംഗങ്ങള്‍ സ്വന്തമായി നിര്‍മിച്ച നൂറിലധികം തനത് ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ് നടത്തിയത്.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. അനീശന്‍, കെ.വി. മായാകുമാരി, കെ.വി. സുശീല, എഡിഎം സി. ഹരിദാസ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ കെ. സുജിനി, സൂര്യ ജാനകി, ബി. സുനിത, കെ. റീന എന്നിവര്‍ പ്രസംഗിച്ചു.