മരണക്കെണിയൊരുക്കി പെരിയയിലെ പാതാളക്കുഴികള്‍
1394289
Tuesday, February 20, 2024 7:58 AM IST
പെരിയ: ഒരു ഭാഗത്ത് ദേശീയപാത നവീകരണം തകൃതിയായി നടക്കുമ്പോഴും വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് പരിഗണന നല്‍കാതെ കരാറുകാര്‍. ഇതിനു തെളിവാണ് പെരിയയില്‍ മാത്രം ദേശീയപാതയില്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നവരുടെ കണക്കുകള്‍.
കഴിഞ്ഞവര്‍ഷം ജനുവരി തൊട്ട് ഈ മാസം 18വരെ ഇവിടെ മരണപ്പെട്ടത് ആറുപേരാണ്. മരണത്തില്‍ നിന്നും രക്ഷപെട്ടവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. മിക്കയിടത്തും റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പാതാളക്കുഴികളാണ് വില്ലന്മാര്. വണ്‍വേയാണെങ്കിലും റോഡുകള്‍ വളരെ ഇടുങ്ങിയതാണ്. ഒരേസമയം രണ്ടു ചെറിയ കാറുകള്‍ക്ക് പോലും കടന്നുപോകാനുള്ള വീതിയില്ല.
നിയന്ത്രണം ഒന്നു പാളിയാല്‍ വാഹനം നേരെ കുഴികളിലേക്കായിരിക്കും പതിക്കുക. ഇത്തരം സ്ഥലങ്ങളില്‍ സുരക്ഷയ്ക്കായി വെച്ചിട്ടുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ തമ്മില്‍ വലിയ വിടവുണ്ട്.
കഴിഞ്ഞദിവസം തായന്നൂര്‍ സ്വദേശികളായ രഘുനാഥും രാജേഷും സഞ്ചരിച്ച കാര്‍ ഈ ബാരിക്കേഡുകളുടെ ഇടയിലൂടെയാണ് കുഴിയിലേക്ക് പതിച്ചത്. മറ്റൊരു പ്രശ്നം തെരുവ് വിളക്കുകള്‍ ഇല്ലാത്തതാണ്. നിര്‍മാണപ്രവൃത്തി നടക്കുന്ന സ്ഥലങ്ങളില്‍ പരമാവധി വേഗത 30 കിലോമീറ്റര്‍ ആണെന്നും വളവ് സൂചിപ്പിക്കുന്നതുമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ വെളിച്ചമല്ലാതെ ഇവിടെ റോഡില്‍ മറ്റു വെളിച്ചമില്ലാത്തത് വാഹനമോടിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓരോ ദിവസവും ദേശീയപാതയിലുണ്ടാകുന്ന മാറ്റങ്ങളും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.