സംസ്ഥാന റീഡിംഗ് തിയറ്റർ പരിശീലന കളരിയിൽ വിഖ്യാതരുടെ സൃഷ്ടികൾ അരങ്ങിലെത്തി
1393987
Monday, February 19, 2024 5:45 AM IST
പിലിക്കോട്: വിഖ്യാത സാഹിത്യകാരൻമാരുടെ അഞ്ച് രചനകൾ റീഡിംഗ് തിയറ്ററിന്റെ അരങ്ങിലെത്തിയപ്പോൾ ക്യാമ്പ് അംഗങ്ങൾ വിസ്മയഭരിതരായി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊടക്കാട് കദളീവനത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല റീഡിംഗ് തിയറ്റർ പരിശീലന കളരിയിലാണ് പുസ്തകവായനയിലേക്ക് സമൂഹത്തെ നയിക്കാനുള്ള നൂതന സങ്കേതത്തിന് തുടക്കമിട്ടത്.
ഒ.വി. വിജയന്റെ വിഖ്യാത ചെറുകഥകടൽ തീരത്തും, വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു മനുഷ്യൻ ഉൾപ്പെടെയുള്ള അഞ്ച് രചനകൾ വാചിക പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു. ഗ്രന്ഥശാലകൾ സജീവമാക്കാൻ വായനയുടെയും സർഗാത്മക പ്രവർത്തനങ്ങളുടെയും ഇടപെടൽ ഏറെ പ്രയോജനപ്പെടുമെന്ന തിരിച്ചറിവിൽ ദ്വിദിന പരിശീലനത്തിന് സമാപനമായി.
ഗ്രന്ഥശാലകളിൽ അവതരിപ്പിക്കാനുള്ള മാതൃകകളായി സി.പി. ബിജുവിന്റെ പോത്തുകല്ലുങ്കടവ്, ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ, അംബികാസുതൻ മാങ്ങാടിന്റെ പ്രാണവായു, തിക്കോടിയന്റെ രക്തം പുരണ്ട പതാക തുടങ്ങിയ രചനകളാണ് വാചികാംശത്തിന് പ്രാധാന്യമുള്ള റീഡേഴ്സ് തിയറ്ററിന്റെ കളരിയിൽ അവതരിപ്പിക്കപ്പെട്ടത്.
സമാപന സമ്മേളനം എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഗ്രന്ഥലോകം മാസിക ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ വിതരണം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. കൃഷ്ണകുമാർ, സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. സിനി, ക്യാമ്പ് ഡയറക്ടർ ഗോപിനാഥ് കോഴിക്കോട്, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ.പി. പ്രഭാകരൻ, പി. കുഞ്ഞിക്കണ്ണൻ, പി. വേണുഗോപാലൻ, പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.