എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
1376994
Saturday, December 9, 2023 2:13 AM IST
തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതർക്കിടയിൽ 2011 നു ശേഷം ജനിച്ച കുട്ടികളെ എൻഡോസൾഫാൻ ഇരകളായി പരിഗണിക്കില്ലെന്ന സർക്കാരിന്റെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
സാമൂഹിക പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് സമരം ഉദ്ഘാടനം ചെയ്തു. എം.കെ. അജിത അധ്യക്ഷത വഹിച്ചു.
സർക്കാരിന്റെ ഈ ഉത്തരവ് വിഷം തുപ്പുന്ന കന്പനികൾക്കു വേണ്ടിയാണെന്നു ഡോ.ഡി. സുരേന്ദ്രനാഥ് പറഞ്ഞു. 2017 ൽ സർക്കാരിന്റെ വിദഗ്ധ സമിതിയാണ് 1905 പേരടങ്ങുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ തെരഞ്ഞെടുത്തത്. എന്നാൽ യാതൊരു കാരണവുമില്ലാതെ സർക്കാർ 1031 ദുരിതബാധിതരെ ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കി. അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അറിയിച്ചിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും തീരുമാനമുണ്ടായില്ല. ഒരാളെ പോലും ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ സമ്മതിക്കില്ലെന്നും, ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച്. ബാലകൃഷ്ണൻ, ജയിൻ പി. വർഗീസ്, ഹമീദ് ചേരങ്കൈ, മനോജ് ഒഴിഞ്ഞവളപ്പ്, കനകരാജ്, മിഷാൽ റഹ്മാൻ, ഹക്കീം ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.