വീട്ടുമുറ്റത്ത് ശലഭോദ്യാനമൊരുക്കി പോലീസ് ഉദ്യോഗസ്ഥന്
1336204
Sunday, September 17, 2023 6:31 AM IST
നീലേശ്വരം: വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കാന്‍ മിക്കവാറും എല്ലാവര്ക്കും ഇഷ്ടമാണ്. വിവിധ വര്‍ണങ്ങളില്‍ പൂക്കള്‍ വിരിയുമ്പോള്‍ അവയിലെ തേന്‍ നുകരാനെത്തുന്ന ചിത്രശലഭങ്ങളെ കാണാനും ഇഷ്ടമാണ്.
പക്ഷേ പൂന്തോട്ടമുണ്ടാക്കിയാലും ശലഭങ്ങള്‍ അങ്ങനെയങ്ങ് വരണമെന്നില്ലല്ലോ. ഓരോ പൂമ്പാറ്റയ്ക്കും ഇഷ്ടപ്പെട്ട ചെടികളും പൂക്കളുമുണ്ട്. തേന്‍ കുടിക്കാന്‍ മാത്രമല്ല, മുട്ടയിടുന്നതിനും. ഓരോയിനം ചിത്രശലഭങ്ങളുടെയും ലാര്‍വകള്‍ക്ക് ഇഷ്ടഭക്ഷണമാകുന്നത് ഓരോയിനം സസ്യങ്ങളാണ്. നമ്മുടെ തോട്ടത്തില്‍ അവയുണ്ടെങ്കില്‍ നാനാവര്‍ണങ്ങളിലുള്ള പൂമ്പാറ്റകള്‍ എവിടെ നിന്നായാലും അന്വേഷിച്ചെത്തും.
കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ കരിന്തളം കോളംകുളത്തെ വി. കെ. ഹരീഷിന്റെ വീട്ടുമുറ്റം ഇപ്പോള്‍ നാനാജാതി ചിത്രശലഭങ്ങളെക്കൊണ്ട് സമ്പന്നമാണ്. ചിത്രശലഭങ്ങളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ചെടികളിലൊന്നായ കിലുക്കാംപെട്ടിച്ചെടി (റാറ്റില്‍ വീഡ്) ആണ് ഇവിടെ ഏറ്റവുമധികം ഉള്ളത്. നാടന്‍ ശലഭമായ കരിനീലക്കടുവയാണ് ഈ ചെടികളെ തേടി ഏറ്റവുമധികം എത്തുന്നത്.
ഇതോടൊപ്പം ലാര്‍വകള്‍ക്ക് ഭക്ഷണമൊരുക്കാന്‍ കറിവേപ്പും നാരകവുമൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവയിലൊക്കെ പുഴു വന്നാല്‍ ഉടനെ എടുത്തു കളയുകയല്ല, അവയെ വരുംകാല പൂമ്പാറ്റകളായി കണ്ട് ഏതാനും ചെടികള്‍ അവയ്ക്കായി വിട്ടുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.
സാധാരണനിലയില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍-ഒക്ടോബര്‍ കാലത്ത് കടുംനീലയും മഞ്ഞയും നിറങ്ങളിലുള്ള നൂറുകണക്കിന് പൂമ്പാറ്റകളാണ് ഹരീഷിന്റെ തോട്ടത്തിലെത്തുന്നത്. ഇവയിലേറെയും കരിനീലക്കടുവ വിഭാഗത്തില്‍ പെട്ടതാണ്.
ചെടികളുടെ ഇലകളിലെ നീരും പൂക്കളിലെ തേനുമാണ് ഇവ ആഹാരമാക്കുന്നത്. പിന്നീട് പെണ് പൂമ്പാറ്റകള്‍ ചെടികളുടെ ഇലകള്ക്കടിയില് മുട്ടയിടും. ദിവസങ്ങള്‍ കഴിഞ്ഞ് ലാര്‍വകള്‍ പുറത്തുവന്ന് ഇലകളെ ആഹാരമാക്കും.
നാരകച്ചെടികളില് മുട്ടയിടുന്ന നാട്ടുപൂമ്പാറ്റയായ നാരകക്കാളിയും ഇവിടെ എത്തുന്നുണ്ട്. ബുദ്ധമയൂരി പോലുള്ള ശലഭങ്ങളെക്കൂടി എത്തിക്കാന്‍ കൂടുതല്‍ ഇനം ചെടികള്‍ നട്ടുവളര്‍ത്താനുള്ള ആലോചനയിലാണ് ഹരീഷ്.