വനിതാ അഭിഭാഷകരുടെ കയ്യാങ്കളി സിപിഎമ്മില്‍ വിവാദം
1297739
Saturday, May 27, 2023 1:35 AM IST
കാഞ്ഞങ്ങാട്: പാര്‍ട്ടി അംഗങ്ങളായ വനിതാ അഭിഭാഷകരുടെ കൈയാങ്കളി സിപിഎമ്മില്‍ വിവാദമായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭാര്യയായ സീനിയര്‍ അഭിഭാഷക പാര്‍ട്ടി അംഗമായ യുവ അഭിഭാഷകയെ ഓഫീസില്‍ നിന്നു വിളിച്ചിറക്കി കരണത്തടിച്ചതായാണ് പരാതി ഉയര്‍ന്നത്. യുവ അഭിഭാഷക പാര്‍ട്ടി ഘടകത്തില്‍ പരാതി നല്‍കിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.
ലീഗില്‍നിന്നും സിപിഎമ്മിലെത്തിയ മുതിര്‍ന്ന അഭിഭാഷകന്റെ കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് യുവ അഭിഭാഷക ജോലി ചെയ്യുന്നത്. നഗരത്തില്‍തന്നെ മറ്റൊരു ഓഫീസില്‍ ജോലിചെയ്യുന്ന സീനിയര്‍ അഭിഭാഷക കഴിഞ്ഞ 24 നു രാവിലെ ഒമ്പതരയോടെ ഇവരുടെ ഓഫീസിലെത്തി യുവതിയെ പുറത്തേക്ക് വിളിച്ചുവരുത്തി കരണത്തടിച്ചതായാണ് പരാതി.
ഒരു കേസ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകയെ കുറ്റപ്പെടുത്തി പാര്‍ട്ടി ഘടകത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് മര്‍ദനത്തിന് കാരണമായതെന്നു പറയുന്നു.
മടിക്കൈ പഞ്ചായത്തില്‍ ബങ്കളം ദിവ്യംപാറ - കോഴി ഫാം റോഡ് നിര്‍മാണത്തിനെതിരേ സ്വകാര്യ വ്യക്തികള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ കേസില്‍ കക്ഷിചേര്‍ന്ന് സ്റ്റേ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം തെക്കന്‍ ബങ്കളം ബ്രാഞ്ച് കമ്മിറ്റി സീനിയര്‍ അഭിഭാഷകയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി കേസ് പരിഗണിച്ച ദിവസം ഇവര്‍ ഹാജരായില്ല. കേസ് തോല്‍ക്കുകയും ചെയ്തു. ഇത് സീനിയര്‍ അഭിഭാഷകയുടെ പിഴവ് മൂലമാണെന്നു കാണിച്ചാണ് ഇതേ ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗമായ യുവ അഭിഭാഷക പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
തെക്കന്‍ ബങ്കളം ബ്രാഞ്ച് കമ്മിറ്റിയില്‍ തന്നെയാണ് യുവ അഭിഭാഷക പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ സീനിയര്‍ അഭിഭാഷകയ്ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി അംഗത്വം രാജിവെക്കുമെന്നാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും നിലപാട്. പ്രശ്നം ഇപ്പോള്‍ മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.