ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കണം: സ്പീക്കര്‍
1283456
Sunday, April 2, 2023 1:02 AM IST
നീലേശ്വരം: വരുംതലമുറകള്‍ക്ക് ആരാണ് ഗാന്ധിജി എന്ന് പഠിപ്പിച്ചു കൊടുക്കേണ്ടിവരുന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം മുന്നോട്ടുപോവുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. നീലേശ്വരത്ത് പുനര്‍നിര്‍മിച്ച ഗാന്ധി സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനവും ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ ദര്‍ശനവും ആദര്‍ശങ്ങളും പുതുതലമുറയെ പഠിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും സ്പീക്കര്‍ പറഞ്ഞു.
ഗാന്ധിജിയെ പാടെ തമസ്കരിക്കാനും ഗാന്ധിജിയുടെ ഘാതകരെ മഹത്വവത്കരിക്കാനുമുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ നടക്കുന്നത്. പൗരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ മാനദണ്ഡമാക്കിയുള്ള ജനാധിപത്യ സൂചികയില്‍ രാജ്യം 97-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ തുറങ്കിലടക്കപ്പെടുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഗാന്ധിജിയുടെ പ്രതിമയോടൊപ്പം ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വം എന്ന ആദര്‍ശവും എല്ലാവരും മുറുകെ പിടിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി. എൻജിനിയര്‍ വി.വി. ഉപേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രന്, വി. ഗൗരി, പി. സുഭാഷ്, ടി.പി. ലത, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി, പി. ബിന്ദു, ഇ. ഷജീര്‍, നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാര്‍, മുന്‍ ചെയര്മാന് കെ.പി. ജയരാജന്, കെ.വി. ദാമോദരന്‍, എറുവാട്ട് മോഹനന്, മാമുനി വിജയന് എന്നിവര്‍ പ്രസംഗിച്ചു.
ശില്പി പ്രേം പി. ലക്ഷ്മണിന്റെ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിനടുത്തുള്ള പണിശാലയിലാണ് ഏഴര അടി ഉയരത്തില്‍ ഫൈബര്‍ ഗ്ലാസിലുള്ള രാഷ്ട്രപിതാവിന്റെ പൂര്‍ണകായ പ്രതിമ നിര്‍മിച്ചത്. നീലേശ്വരത്ത് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന യോഗങ്ങള്‍ നടക്കാറുണ്ടായിരുന്ന അരയാല്ത്തറയോട് ചേര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയിലാണ് സ്മൃതിമണ്ഡപം സ്ഥാപിച്ചത്. 12 ലക്ഷം രൂപ ചെലവിലാണ് നഗരസഭ സ്മൃതിമണ്ഡപത്തിന്റെ പുനര്‍നിര്‍മാണവും പ്രതിമ സ്ഥാപനവും നിര്‍വഹിച്ചത്.