കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട; മൂന്നു യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍
1465518
Friday, November 1, 2024 1:19 AM IST
കോഴിക്കോട്: കോഴിക്കോട് നഗരകേന്ദ്രത്തില്‍നിന്നു മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ് (22), മലപ്പുറം കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പില്‍ വീട്ടില്‍ പി.പി.അജ്മല്‍ (25), മലപ്പുറം കരിപ്പോള് കാഞ്ഞിരപ്പലന്‍ വീട്ടില്‍ കെ.പി.മുനവീര്‍ (24) എന്നിവരാണ് പിടിയിലായത്.
എക്സൈസ് വിജിലന്‍സ് ഓഫീസര്‍ പി. വിക്രമന്റെ നിര്‍ദ്ദേശനുസരണം എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും കോഴിക്കോട് ആന്റി നാര്‍കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധയില്‍ 220 ഗ്രാം മെത്താഫിറ്റാമിനുമായാണ് യുവാക്കള്‍ പിടിയിലായത്. മയക്കുമരുന്ന് കടത്തി കൊണ്ടുവന്നത് മലപ്പുറം, കോഴിക്കോട്, ജില്ലകളില്‍ ചില്ലറ വില്‍പ്പന നടത്താനായിരുന്നു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രജിത്ത്, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, കോഴിക്കോട് ഐബി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. റിമേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ പി.കെ.അനില്‍കുമാര്‍, കെ.പ്രവീണ്‍ കുമാര്‍, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് പി. വിപിന്‍, എന്‍.ജെ. സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.