മലയോര ഹൈവേ നിർമാണം: കൂരാച്ചുണ്ടിൽ എസ്റ്റിമേറ്റ് തയാറാക്കൽ ഇന്ന് തുടങ്ങും
1465503
Friday, November 1, 2024 1:19 AM IST
കൂരാച്ചുണ്ട് : മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ കെട്ടിട ഉടമകളിൽ നിന്നുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായ സാഹചര്യത്തിൽ ടെൻഡർ നടപടികൾക്ക് മുന്നോടിയായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് അടക്കമുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ ഇന്ന് ആരംഭിക്കും.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി പ്രതിനിധികൾ കെട്ടിട ഉടമകളിൽ നിന്നും വാങ്ങിയ സമ്മതപത്രങ്ങൾ അടുത്ത ദിവസം തന്നെ സ്ഥലം എംഎൽഎ കെ.എം. സച്ചിൻ ദേവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് അധികൃതർ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു.
കൂരാച്ചുണ്ട് ടൗണിൽ ഉൾപ്പെടുന്ന 800 മീറ്റർ ദൂരത്തിലുള്ള റോഡിലെ 67 കെട്ടിട ഉടമകളാണ് സ്ഥലം വിട്ടു നൽകികൊണ്ടുള്ള സമ്മതപത്രം പഞ്ചായത്തിന് കൈമാറിയത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരുപത്തെട്ടാം മൈൽ മുതൽ ചെമ്പ്ര വരെയുള്ള റോഡിന്റെ കൂരാച്ചുണ്ട് ടൗൺ ഒഴികെയുള്ള ഭാഗം ടെൻഡർ നടപടികളിലാണുള്ളത്.