വയനാട്ടിൽ വലിയ സ്വപ്നങ്ങളുമായി മുന്നണികൾ
1465514
Friday, November 1, 2024 1:19 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: യുഡിഎഫിന് അഞ്ചു ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം വേണം. എൽഡിഎഫിന് അട്ടിമറിയിലൂടെ മണ്ഡലം പിടിച്ചെടുക്കണം. എൻഡിഎയ്ക്ക് പടിപടിയായുള്ള വളർച്ചയ്ക്ക് അടിവരയിടണം. ഇങ്ങനെ വലിയ സ്വപ്നങ്ങളുമായാണ് മൂന്നു മുന്നണികളും വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
രൂപീകൃതമായതുമുതൽ മണ്ഡലം കൈയടക്കിവച്ചിരിക്കുകയാണ് യുഡിഎഫ്. 2009ലും 2014ലും തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസ് ലോക്സഭയിലെത്തി.
2009ൽ 1,53,439 വോട്ടായിരുന്നു യുഡിഎഫിനു ഭൂരിപക്ഷം. 2014ൽ ഇത് 20,870 വോട്ടായി കുറഞ്ഞു. 2019ലും 2024ലും കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയാണ് യുഡിഎഫ് ടിക്കറ്റിൽ മണ്ഡലത്തിൽ ജനവിധി തേടിയത്. 2019ൽ 4,31,770 വോട്ടായിരുന്നു രാഹുലിനു ഭൂരിപക്ഷം. 2024ൽ അത് 3,64,422 വോട്ടായി കുറഞ്ഞു. ഒടുവിലത്തെ തെരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചു. അതോടെയാണ് വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.
മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം ഡസനിൽ അധികം വരും. എങ്കിലും യുഡിഎഫിലെ പ്രിയങ്ക ഗാന്ധി, എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരുടേതാണ് വോട്ടർമാരുടെ മനസിൽ പതിഞ്ഞ സ്ഥാനാർഥി ചിത്രങ്ങൾ. ഐഐസിസി ജനറൽ സെക്രട്ടറിയാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി. സത്യൻ മൊകേരി സിപിഐ ദേശീയ കൗണ്‍സിൽ അംഗവും മുൻ എംഎൽഎയുമാണ്. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗണ്‍സിലറും സോഫ്റ്റ്വേർ എൻജിനിയറുമാണ് നവ്യ. വയനാട് മണ്ഡലത്തിനു പുറമേനിന്നുള്ളവരാണ് മൂന്നു പേരും. സത്യൻ മൊകേരിക്ക് മണ്ഡലത്തിൽ രണ്ടാം മത്സരമാണ്. സത്യനാണ് 2019ൽ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിനെ ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്.
ചൂടുപിടിച്ച് പ്രചാരണരംഗം
വോട്ടെടുപ്പ് നവംബർ 13ന് നടക്കാനിരിക്കേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. സമ്മതിദായകർക്കിടയിൽ ഇരിപ്പുറപ്പിക്കാൻ തുറുപ്പുശീട്ടുകൾ ഒന്നൊന്നായി ഇറക്കുകയാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റു മുന്നണികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് യുഡിഎഫ്. എഐസിസി മാസങ്ങൾക്കു മുന്‍പ് പ്രഖ്യാപിച്ചതാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം. ഇതിനു തൊട്ടുപിന്നാലെ യുഡിഎഫ് ആരംഭിച്ചതാണ് തെരഞ്ഞെടുപ്പ് ഒരുക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തതിനുശേഷം മണ്ഡലം, നിയോജകമണ്ഡലം, പഞ്ചായത്തുതല കണ്‍വൻഷനുകൾ പൂർത്തിയാക്കിയ യുഡിഎഫ് ബൂത്ത്തലത്തിൽ ഗൃഹസന്ദർശനത്തിലേക്ക് കടന്നിരിക്കയാണ്.
ജനങ്ങളിലേക്ക് ഇറങ്ങി പഴുതടച്ച പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. പ്രിയങ്കയ്ക്കു ചരിത്ര ഭൂരിപക്ഷം എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ബത്തേരി നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് എംപി, മാനന്തവാടിയിൽ സണ്ണി ജോസഫ് എംഎൽഎ, കൽപ്പറ്റയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഏറനാട്ടിൽ സി.ആർ. മഹേഷ് എംഎൽഎ, വണ്ടൂരിൽ ഹൈബി ഈഡൻ എംപി, നിലന്പൂരിൽ ആന്റോ ആന്റണി എംപി, തിരുവന്പാടിയിൽ എം.കെ. രാഘവൻ എംപി എന്നിവരെ യുഡിഎഫ് നേതൃത്വം ചുമലതപ്പെടുത്തിയിട്ടുണ്ട്. നാമനിർദേശ പത്രികാസമർപ്പണത്തിനുശേഷം ഡൽഹിക്കു മടങ്ങിയ പ്രിയങ്ക 28,29 തീയതികളിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. നവംബർ മൂന്നു മുതൽ ഏഴു വരെ അവർ മണ്ഡലത്തിൽ ഉണ്ടാകുമെന്ന് മുഖ്യ ഇലക്ഷൻ ഏജന്റും കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ കെ.എൽ. പൗലോസ് പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലം, നിയോജകമണ്ഡലം കണ്‍വൻഷനുകൾ നടത്തിയ എൽഡിഎഫ് ഇന്നലെ മണ്ഡലത്തിൽ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. വരും ദിവസങ്ങളിൽ എൽഡിഎഫ് ഉന്നത നേതാക്കൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാനെത്തും. നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റ, തിരുവന്പാടി, നിലന്പൂർ എന്നിവിടങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളിൽ പ്രസംഗിക്കുമെന്ന് എൽഡിഎഫ് വയനാട് ജില്ലാ കണ്‍വീർ സി.കെ. ശശീന്ദ്രൻ, സിപിഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാൻലി എന്നിവർ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു. ബൂത്തുതലത്തിൽ എൻഡിഎ പ്രവർത്തകർ വീടുകൾ കയറി പ്രചാരണം തുടരുകയാണ്. സ്ഥാനാർഥിയുടെ വിദ്യാഭ്യാസ പശ്ചാത്തലവും പ്രസരിപ്പും എൻഡിഎയുടെ ഭാഗമല്ലാത്ത വോട്ടർമാർക്കിടയിലും ചർച്ചയാണ്. മണ്ഡലത്തിൽ എൻഡിഎയുടെ കരുത്തും വളർച്ചയും പ്രകടമാക്കുന്നതാകണം തെരഞ്ഞെടുപ്പുഫലമെന്ന വാശിയിലാണ് നേതാക്കളും പ്രവർത്തകരും. ബിജെപി ദേശീയ നേതാക്കൾ അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മണ്ഡലത്തിലെ ഏഴ് നിയോജമണ്ഡലങ്ങളിലുമായി 1,41,045 വോട്ടാണ് നേടിയത്. ഇതിലധികം വോട്ടാണ് എൻഡിഎയുടെ ഉന്നമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ. സദാനന്ദൻ പറഞ്ഞു. 2019ൽ മണ്ഡലത്തിൽ 7.2 ശതമാനമായിരുന്നു എൻഡിഎ വോട്ട് വിഹിതം. കഴിഞ്ഞ തവണ ഇത് 13 ശതമാനമായാണ് വർധിച്ചത്. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടുന്ന അവർ ഇടത്, വലത് മുന്നണികളുടെ വീഴ്ചകൾ എണ്ണിപ്പറയുന്നുമുണ്ട്.
ചർച്ചയാക്കി വികസന വിഷയങ്ങൾ
വയനാട് കാലങ്ങളായി നേരിടുന്ന വികസന വിഷയങ്ങൾ ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും ചർച്ചയാക്കുന്നുണ്ട്. ദേശീയപാത 766ലെ ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാവിലക്ക്, മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത, വനാതിർത്തി പ്രദേശങ്ങളിലെ അതിരൂക്ഷമായ വന്യജീവി സംഘർഷം, ചുരം ബദൽ റോഡിനായുള്ള കാത്തിരിപ്പ്, കാർഷിക മേഖലയിലെ പ്രതിസന്ധി, പരിസ്ഥിതി ദുർബല മേഖല (ഇഎസ്എ), പരിസ്ഥിതി സംവേദക മേഖല (ഇഎസ്സെഡ്), വയനാട് റെയിൽവേ, ആദിവാസികൾക്കിടയിലെ ഭൂ രാഹിത്യം... ഇങ്ങനെ നീളുന്നതാണ് തെരഞ്ഞെടുപ്പുവിഷയങ്ങൾ.
നാമനിർദേശ പത്രികാസമർപ്പണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കൽപ്പറ്റയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്പോൾ ഈ വിഷയങ്ങളിൽ പരാമർശം നടത്തുകയും അവസരം ലഭിച്ചാൽ പരിഹാരത്തിന് ശ്രമിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ദേശീയപാതയിലെ രാത്രിയാത്രാവിലക്ക്, വന്യമൃഗശല്യം, കാർഷിക പ്രതിസന്ധി എന്നീ വിഷയങ്ങളിൽ കോണ്‍ഗ്രസിനെയും ബിജെപിയെയുമാണ് എൽഡിഎഫ് പഴിപറയുന്നത്.
കർണാടകയിലേത് കോണ്‍ഗ്രസ് സർക്കാരായിട്ടും രാത്രിയാത്രാവിലക്ക് നീങ്ങുന്നതിന് ഉതകുന്ന നിലപാട് സ്വീകരിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നു ഇടതുനേതാക്കൾ കുറ്റപ്പെടുത്തുന്നു.
ജനസൗഹൃദമായി വനം-വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നതിലെ വിമുഖത ചൂണ്ടിക്കാട്ടിയാണ് ബിജെപിക്ക് എതിരായ വിമർശനം. കാർഷികപ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ചാരിയാണ് കോണ്‍ഗ്രസ് പ്രചാരണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥ ഇടതു, വലതു മുന്നണികളെ കടന്നാക്രമിക്കാൻ എൻഡിഎ ആയുധമാക്കുന്നുണ്ട്.