മൂന്നായി മടക്കാം, വില മൂന്നു ലക്ഷം; വാവെയ് മേറ്റ് എക്സ്ടി ആഗോള വിപണിയില്‍
Thursday, February 20, 2025 4:43 PM IST
ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി. ക്വലാലംപുരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് ഫോൺ വിപണിയില്‍ എത്തുന്നത്.
മൂന്ന് സ്ക്രീനുകളുള്ള, രണ്ട് തവണ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്. 3499 യൂറോയാണ് (ഏകദേശം 3,18,262 ഇന്ത്യന്‍ രൂപ) ഈ ഫോണിന് ആഗോളവിപണിയില്‍ തുടക്കവില.
എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ലഭ്യമാകും എന്ന് വ്യക്തമല്ല. ആദ്യത്തെ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന നിലയ്ക്ക് 2024 സെപ്റ്റംബറിലാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ചൈനയില്‍ ആദ്യം ലോഞ്ച് ചെയ്തത്.
ചൈനയില്‍ റിക്കാര്‍ഡ് പ്രീ-ഓര്‍ഡര്‍ ഈ ഫോണിന് പിന്നാലെ ലഭിച്ചിരുന്നു. പൂര്‍ണമായും തുറന്നുവയ്ക്കുമ്പോള്‍ 3.6 എംഎം മാത്രമാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിന് കട്ടി. കാമറ ഭാഗം കൂട്ടാതെയുള്ള കണക്കാണിത്.
തുറന്നിരിക്കുമ്പോള്‍ 10.2 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനും ഒരുതവണ മടക്കിയാല്‍ 7.9 ഇഞ്ച് സ്ക്രീനും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്ക്രീനുമാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിനുള്ളത്.
കിരിന്‍ 9010 ചിപ്സെറ്റിന്റെ കരുത്തില്‍ വരുന്ന ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാര്‍മണി ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 50 എംപി പ്രധാന കാമറ, 12 എംപി അള്‍ട്രാ-വൈഡ് കാമറ, 12 എംപി പെരിസ്കോപ് ടെലിഫോട്ടോ കാമറ, 8 എംപി സെല്‍ഫി കാമറ എന്നിവയും മറ്റ് ഫീച്ചറുകളാണ്.
66 വാട്ട് വയേര്‍ഡ് ചാര്‍ജിംഗ്, 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടുകൂടിയ 5600 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. വൈഫൈ 6, ബ്ലൂടൂത്ത് 5.2, യുഎസ്ബി 3.1 ടൈപ്പ് സി പോര്‍ട്ട്, സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നീ ഫീച്ചറുകള്‍ ഫോണിനുണ്ട്.
298 ഗ്രാം ആണ് ഫോണിന്റെ ഭാരം. 16 ജിബി റാമും 256 ജിബി, 512 ജിബി, 1 ടിബി വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാകും.